അഭിനയത്തില്‍ അതിശയിപ്പിച്ച് നിവിന്‍ പോളി; മൂത്തോനിലെ ആദ്യ ഗാനമെത്തി: വീഡിയോ

November 7, 2019

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മൂത്തോന്‍’. പ്രേക്ഷക പ്രതീക്ഷ വര്‍ധിപ്പിച്ചുകൊണ്ട് ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസാണ് ‘മൂത്തോന്‍’ സംവിധാനം ചെയ്യുന്നത്. നിവിന്‍ പോളിയുടെ അഭിനയ വിസ്മയംതന്നെയാണ് ഗാനരംഗത്തിലെ മുഖ്യ ആകര്‍ഷണം.

ചലച്ചിത്ര മേളകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമാണ് ‘മൂത്തോന്‍’. മുംബൈയില്‍ വെച്ചു നടന്ന ജിയോ മാമി ഫിലിം ഫെസ്റ്റിവലിലും ‘മൂത്തോന്‍’ നിറഞ്ഞ കൈയടി നേടിയിരുന്നു. ഗീതു മോഹന്‍ദാസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ടൊറന്റോ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവലില്‍ സ്‌പെഷ്യല്‍ പ്രെസന്റേഷന്‍ നിരയില്‍ പ്രദര്‍ശിപ്പിച്ചപ്പോഴും മികച്ച പ്രതികരണമാണ് ‘മൂത്തോന്‍’ എന്ന ചിത്രത്തിന് ലഭിച്ചത്.

ലക്ഷദ്വീപില്‍ നിന്നും തന്റെ ചേട്ടനെ തിരഞ്ഞ് മുംബൈയിലേക്ക് പോകുന്ന ഒരു യുവാവിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. മലയാളത്തിലും ഹിന്ദിയിലുമായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലക്ഷദ്വീപിലും മുംബൈയിലുമായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം.

Read more:ഈ കാട്ടാനയുടെ ബുദ്ധി അപാരംതന്നെ, വൈദ്യുത വേലി മറികടക്കാന്‍ ആനയുടെ തന്ത്രം: വൈറല്‍ വീഡിയോ

‘മൂത്തോന്‍’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ഗീതു മോഹന്‍ദാസിന്റെ ഭര്‍ത്താവ് രാജീവ് രവിയാണ്. പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ് ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാള്‍ കൂടിയാണ് അനുരാഗ് കശ്യപ്.

ബി. അജിത്കുമാര്‍, കിരണ്‍ ദാസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്. അനുരാഗ് കശ്യപ്, വിനോദ് കുമാര്‍, അജയ് ജി റായ്, അലന്‍ മാക്അലക്‌സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

നിരൂപക പ്രശംസ നേടിയ ‘ലയേഴ്‌സ് ഡയസ്’ എന്ന ചിത്രത്തിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘മൂത്തോന്‍’. നിവിന്‍ പോളിയെ കൂടാതെ സഞ്ജന ദീപു, ശശാങ്ക് അറോറ, ശോഭിത ധുലിപാല, റോഷന്‍ മാത്യു, ദിലീഷ് പോത്തന്‍, ഹരീഷ് ഖന്ന, സുജിത് ശങ്കര്‍, മെലീസ രാജു തോമസ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനേതാക്കളായെത്തുന്നു.