കുട്ടികളുടെ പ്രിയ മലയാള സിനിമ ഗാനങ്ങൾ…

November 14, 2019

മറ്റൊരു ശിശുദിനം കൂടി വന്നെത്തിയിരിക്കുകയാണ്. ഈ ദിനം കുഞ്ഞുങ്ങളുടേതാണ്. ഇന്ന് കുഞ്ഞുങ്ങളുടെ ഇഷ്ടങ്ങൾ ചർച്ച ചെയ്യപ്പെടുമ്പോൾ മലയാളസിനിമയിലെ എക്കാലത്തെയും കുട്ടികൾക്ക് പ്രിയപ്പെട്ട ഗാനങ്ങളിലൂടെ ഒന്ന് പോകാം..

ആലിപ്പഴം പെറുക്കാം ..

അന്നും ഇന്നും കുട്ടികൾക്ക് ഇഷ്ടമുള്ള ഒരു ചിത്രമാണ് ‘മൈ ഡിയർ കുട്ടിച്ചാത്തൻ’. മലയാള സിനിമയിലെ ആദ്യ ത്രീ ഡി  ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തനിലെ ‘ആലിപ്പഴം പെറുക്കാം…’ എന്ന പാട്ട് എക്കാലത്തെയും ഹിറ്റ് ചാർട്ടിൽ ഉണ്ട്. വളരെ വ്യത്യസ്തമായൊരു അനുഭവമാണ് ടെക്നോളജി ഇത്ര വളർന്നിട്ടും ഇന്നും ആ പാട്ട് നൽകുന്നത്.

ചുവരിലൂടെ തലകുത്തി നടക്കുന്നതും വട്ടത്തിൽ ഊഞ്ഞാൽ കറക്കുന്നതും തനിയെ പറന്നു നടക്കുന്ന വസ്തുക്കളുമൊക്കെ തൊണ്ണൂറുകളിൽ മലയാളികളെ അത്ഭുതപ്പെടുത്തിയതാണ്. ആ കൗതുകം ഇന്നും പുതുതലമുറയിലെ കുട്ടികൾക്ക് ആ പാട്ടിനോട് ഉണ്ട്.

മാമുണ്ണാൻ ഓടി വായോ മാമാട്ടിക്കുട്ടിയമ്മേ .. 

ശാലിനി എന്ന പേരിനേക്കാൾ മലയാളികൾക്ക് അടുപ്പം മാമാട്ടിക്കുട്ടിയമ്മയോടാണ്. കാരണം അത്ര ഭംഗിയായാണ് ആ പ്രായത്തിൽ ശാലിനി ആ കഥാപാത്രം അനശ്വരമാക്കിയത്. മാമാട്ടി ഹെയർ കട്ടൊക്കെ അക്കാലത്ത് ട്രെൻഡ് ആയിരുന്നു.

Read More:കാൻസറിനെ തോൽപിച്ച കഥ പറഞ്ഞ് ഹൃത്വിക് റോഷന്റെ പിതാവ് രാകേഷ് റോഷൻ

ഫാസിൽ സംവിധാനം ചെയ്ത്, നവോദയ അപ്പച്ചൻ നിർമിച്ച ‘എന്റെ മാമാട്ടികുട്ടിയമ്മയ്ക്ക്’ എന്ന ചിത്രം 1983 ലാണ് റിലീസ് ചെയ്തത്. ചിത്രത്തിലെ ‘ആളൊരുങ്ങി അരങ്ങൊരുങ്ങി…’ എന്ന ഗാനം അന്നും ഇന്നും കുഞ്ഞുങ്ങൾക്ക് ഇഷ്ടമാണ്.  പാട്ടിലെ മാമുണ്ണാൻ ഓടി വായോ എന്ന വരികൾ ഏറെ ശ്രദ്ധേയവുമാണ്.

പച്ചക്കറിക്കായ തട്ടിൽ ഒരു മുത്തശ്ശി പൊട്ടറ്റോ ചൊല്ലി ..

1991-തിയേറ്ററുകളിലെത്തിയ ‘കിലുക്കാംപെട്ടി’ എന്ന സിനിമയിലെ ഗാനത്തിന് ഇന്നും ആരാധകരുണ്ട്. എത്ര സിനിമ ഇറങ്ങിയാലും ശ്യാമിലിയുടെ ആ കുസൃതി മുഖവും ജയറാമിന്റെ ലാളനയും നിറഞ്ഞ ‘പച്ചക്കറിക്കായ തട്ടിൽ…’ എന്ന ഗാനത്തിന് ഇഷ്ടക്കാർ കൂടുതലാണ്. അക്കാലത്ത് ഹിറ്റ് ആയിരുന്നു ബേബി ശ്യാമിലി- ജയറാം കൂട്ടുകെട്ട്.