ഈ കാട്ടാനയുടെ ബുദ്ധി അപാരംതന്നെ, വൈദ്യുത വേലി മറികടക്കാന്‍ ആനയുടെ തന്ത്രം: വൈറല്‍ വീഡിയോ

November 6, 2019

മനുഷ്യര്‍ക്കാണ് ബുദ്ധി കൂടുതലെന്ന് വാദിക്കുന്നവര്‍ നമുക്കിടയിലുണ്ട്. അങ്ങനെ തറപ്പിച്ചു പറയാന്‍ വരട്ടെ. ചില സാഹചര്യങ്ങളില്‍ മനുഷ്യരെ പോലും വെല്ലുന്ന പ്രായോഗിക ബുദ്ധി പുറത്തെടുക്കാറുണ്ട് മൃഗങ്ങള്‍. ബുദ്ധിയുടെ കാര്യത്തില്‍ ഒരല്പം മുന്നിലാണ് ആനകളും. ഇപ്പോഴിതാ ബുദ്ധിമാനായ ഒരു ആനയുടെ വീഡിയോയാണ് സൈബര്‍ലോകത്ത് ശ്രദ്ധ നേടുന്നത്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ വൈറലായിക്കഴിഞ്ഞു. ഒരു വൈദ്യുതവേലി മറികടക്കാന്‍ ആന നടത്തുന്ന ബുദ്ധിപരമായ നീക്കമാണ് ഈ വീഡിയോയില്‍. 5 കിലോവോള്‍ട്ട് വൈദ്യുതി പ്രവഹിക്കുന്ന വൈദ്യുതവേലിയാണ് ബുദ്ധിപൂര്‍വ്വം ഈ കാട്ടുകൊമ്പന്‍ തകര്‍ത്തത്.

Read more:100 വര്‍ഷങ്ങള്‍ക്ക് മുമ്പ് നയാഗ്ര വെള്ളച്ചാട്ടത്തില്‍ കുടുങ്ങി; അനങ്ങാതെകിടന്ന ബോട്ട് ഒടുവില്‍ ഒഴുകി നീങ്ങി: വീഡിയോ

വൈദ്യുതവേലി ശ്രദ്ധയില്‍പ്പെട്ട ആന കമ്പി ചുറ്റിയിരിക്കുന്ന തടിക്കഷ്ണം ആദ്യം പിഴുതെടുത്തു. അതും വൈദ്യുതി പ്രവഹിക്കുന്ന കമ്പിയില്‍ തുമ്പിക്കൈ തട്ടാതെ അതീവ ജാഗ്രതയോടെ. തടിക്കഷ്ണം തറയിലേക്ക് ചായ്ച്ച ശേഷം സൂക്ഷ്മതയോടെ കമ്പികളിലൊന്നും കാലുകള്‍ തട്ടാതെ വേലി മറികടക്കുന്നതും വീഡിയോയില്‍ കാണാം. എന്തായാലും സൈബർലോകത്ത് പ്രശംസകൾ നേടുന്നുണ്ട് ഈ ആനയുടെ ബുദ്ധി.