കനാലിൽ അകപ്പെട്ട ആനക്കുട്ടിയ്ക്ക് രക്ഷകരായി വനപാലകർ, തുമ്പിക്കൈ ഉയര്‍ത്തി അമ്മയാനയുടെ നന്ദി..!

February 25, 2024

ഈ കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയ മുഴുവനും ആനകളും ആനവാര്‍ത്തകളുമാണ്. ഒരു വശത്ത് ആന ഭീതി പടര്‍ത്തുമ്പോള്‍ മറു വശത്ത് അവയെ സംക്ഷിക്കണം എന്ന വലിയ ഉത്തരവാദിത്തവും അധികാരികള്‍ക്ക് മേലുണ്ട്. മൃഗങ്ങളുമായോ മറ്റ് ജീവികളുമായോ ബന്ധപ്പെട്ട വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ സ്വീകാര്യതയുണ്ട്. ഇക്കൂട്ടത്തില്‍ ആനകളുടെ വീഡിയോകള്‍ക്ക് വലിയ കാഴ്ച്ചക്കാരാണുള്ളത്. ഇത്തരത്തില്‍ ഇപ്പോള്‍ തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ നിന്നുള്ളൊരു ആനകളുടെ വീഡിയോ വളരെ ശ്രദ്ധനേടുകയാണ്. ( Rescue video of Elephant Calf in Tamil Nadu )

ഐ.എ.എസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹു എക്‌സില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഈ ആനകളുടെ വീഡിയോ ശ്രദ്ധിക്കപ്പെട്ടത്. കനാലില്‍ വീണ ആനക്കുട്ടിയെ വനപാലകര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി, അമ്മയാനയുടെ കൂടെ വിടുന്നതാണ് വീഡിയോ. ഇതിന്റെ മൂന്ന് വീഡിയോകളാണ് പങ്കുവച്ചിട്ടുള്ളത്.

ആദ്യ വീഡിയോയില്‍ ആനക്കുട്ടി കനാലില്‍ വീണുകിടക്കുന്നതായിട്ടാണ് കാണുന്നത്. അതിനെ രക്ഷിക്കുന്നതിനായി അമ്മയാന കനാലിലേക്ക് ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ അമ്മയ്ക്ക് കുഞ്ഞിനെ രക്ഷപ്പെടുത്തി തിരികെ കരയ്‌ക്കെത്തിക്കാന്‍ സാധിക്കുന്നില്ല. കുഞ്ഞിനാണെങ്കില്‍ കനാലിലെ ശക്തമായ ഒഴുക്കിനെ മറികടക്കാനും കഴിയുന്നില്ല.

Read Also : വേനൽ കനക്കുന്നു, നീലഗിരി വഴി കേരളത്തിലെ നിത്യഹരിത വനങ്ങളിലേക്ക് കടക്കുന്ന ആനക്കൂട്ടം- വീഡിയോ

അങ്ങനെ ശ്രമം ഉപേക്ഷിച്ച് ആന പിന്‍മാറിയതോടെയാണ് വനപാലകര്‍ രക്ഷാപ്രവര്‍ത്തനത്തിലേക്ക് കടന്നത്. ഏറെ നേരം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കുട്ടിയാനയെ കനാലില്‍ നിന്ന് പുറത്തെത്തിക്കുന്നതാണ് രണ്ടാമത്തെ വീഡിയോ. മൂന്നാമത്തെ വീഡിയോയാണ് കൂടുതല്‍ പേരെ ആകര്‍ഷിച്ചിട്ടുള്ളത്. ഈ വീഡിയോയില്‍ കുഞ്ഞിനെ കിട്ടിയ സന്തോഷത്തില്‍ മടങ്ങുന്ന ആനയെയാണ് കാണുന്നത്. കുട്ടിയാനയുമായി പോകുന്ന അമ്മയാന തുമ്പിക്കൈ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. ഇത് നന്ദിയുടെ സൂചനയാണെന്നാണ് സുപ്രിയ സാഹു പറയുന്നത്.

Story highlights ; Rescue video of Elephant Calf in Tamil Nadu