ദർബാർ ആഘോഷമാക്കാൻ ഒരുങ്ങി രജനികാന്ത്; ചിത്രങ്ങൾ

November 17, 2019

തമിഴകത്തും മലയാളക്കരയിലും ഒരുപോലെ ആരാധകരുള്ള താരമാണ് സ്റ്റൈൽ മന്നൻ രജനികാന്ത്.  താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ദർബാർ. രജനികാന്തിനൊപ്പം നയൻതാര കൂടി എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. സിനിമയുടേതായി പുറത്തുവന്ന ചിത്രങ്ങൾക്കും ട്രെയ്‌ലറിനുമെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ഡബ്ബിങ് നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

എ ആർ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ആദിത്യ അരുണാചലം എന്ന കഥാപാത്രമായാണ് രജനികാന്ത് പ്രത്യക്ഷപ്പെടുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് താരം എത്തുന്നത്. മുംബൈ ആസ്ഥാനമായി നടക്കുന്ന കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയമെന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

അതേസമയം ഇളയ ദളപതി വിജയ് കേന്ദ്ര കഥാപാത്രമായെത്തിയ ‘സര്‍ക്കാര്‍’ ആയിരുന്നു എ ആര്‍ മുരുഗദോസ് സംവിധാനം നിര്‍വഹിച്ച അവസാന ചിത്രം. മുരുഗദോസ് സംവിധാനം നിര്‍വഹിച്ച ‘കത്തി’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് വീണ്ടും മുരുഗദോസുമായി കൈകോര്‍ക്കുന്ന ചിത്രം കൂടിയാണ് ‘ദര്‍ബാര്‍’.

Read also: ലാൻഡിങ്ങിനിടെ വിമാനത്തിന് തീപിടിച്ചു; യാത്രക്കാരെ അത്ഭുതകരമായി രക്ഷപെടുത്തി സുരക്ഷാ ഉദ്യോഗസ്ഥർ, വീഡിയോ 

സന്തോഷ് ശിവനാണ് ‘ദര്‍ബാര്‍’ എന്ന ചിത്രത്തിന്റെ സിനിമാറ്റോഗ്രഫി നിർവഹിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം രജനീകാന്തിനായി സന്തോഷ് ശിവന്‍ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം.