റെയില്‍വേ നിയമം തെറ്റിക്കുന്നവരെ ഉച്ചത്തില്‍ കുരച്ചു ഭയപ്പെടുത്തുന്ന നായ; വൈറല്‍ വീഡിയോ

November 20, 2019

നിയമങ്ങളെക്കുറിച്ചും നിയമ ലംഘനങ്ങളെക്കുറിച്ചുമെല്ലാം ബോധവാന്മാണ് പലരും. എങ്കിലും നിയമങ്ങള്‍ പാലിക്കാത്തവരും നമുക്കിടയില്‍ സര്‍വ്വ സാധാരണമാണ്. നിയമങ്ങള്‍ കൃത്യമായി പാലിക്കാത്തവര്‍ക്ക് പിഴയും ശിക്ഷയുമൊക്കെ നല്‍കാറുണ്ട് നിയമ പലാകര്‍. എന്നാല്‍ നിമ ലംഘനം നടത്തുന്നവരെ കുരച്ചുചാടി ഭയപ്പെടുത്തുന്ന ഒരു നായയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

ചിന്നപ്പൊണ്ണ് എന്നാണ് ഈ നായയുടെ പേര്. ചെന്നൈയിലെ പാര്‍ക്ക് ടൗണ്‍ റെയില്‍വേ സ്റ്റേഷനിലെ താരമാണ് ഈ നായ. റെയില്‍വേ നിയമം പാലിക്കാത്തവരെ ഉച്ചത്തില്‍ കുരച്ച് പേടിപ്പിക്കാറുണ്ട് ചിന്നപ്പൊണ്ണ്. നിയമങ്ങള്‍ പാലിക്കാത്തവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ഈ നായ.

ആരെങ്കിലും റെയില്‍വേ പാളം മുറിച്ചുകടന്നാലോ, ട്രെയിനിന്റെ ഫുട്‌ബോര്‍ഡില്‍ നിന്നു യാത്ര ചെയ്താലോ ചിന്നപ്പൊണ്ണ് ഉയര്‍ന്ന ശബ്ദത്തില്‍ കുരച്ചുകൊണ്ട് പിന്നാലെ ചെല്ലും. ചെന്നൈ പാര്‍ക്ക് ടൗണ്‍ റെയില്‍വേ സ്റ്റേഷനിലെ നിത്യ കാഴ്ചയാണിത്. റെയില്‍വേ സ്റ്റേഷനിലെ പ്രൊട്ടക്ഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് മിക്ക സമയത്തും ചിന്നപ്പൊണ്ണ്.

Read more:പിയാനോ വായിച്ച് പൃഥ്വിരാജിന്റെ മകള്‍ അല്ലി; വീഡിയോ പങ്കുവെച്ച് സുപ്രിയ

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉടമ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചതാണ് ഈ നായയെ. ഒരിക്കല്‍ നായയെ കാണാന്‍ ഉടമ സ്റ്റേഷനിലെത്തിയിരുന്നു. അങ്ങനെയാണ് നായയുടെ പേര് ചിന്നപ്പൊണ്ണ് എന്നാണെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിഞ്ഞത്. ഉദ്യോഗസ്ഥരും നായയെ ആ പേര് തന്നെ വിളിച്ചു. അതേസമയം പ്രൊട്ടക്ഷന്‍ ഫോഴ്‌സിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പമായതിനാല്‍ റെയില്‍വേ സ്റ്റേഷനിലെത്തുന്നവര്‍ക്ക് ശല്യമാകാറില്ല ഈ നായ. ചിന്നപ്പൊണ്ണിനെക്കുറിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത റെയില്‍വേ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും പങ്കുവെച്ചിട്ടുണ്ട്.