‘മൂത്തോൻ’ 20 വർഷം മുൻപ് ആത്മഹത്യ ചെയ്ത സുഹൃത്തിന് വേണ്ടി ഒരുക്കിയത്; വേദിയിൽ നിറകണ്ണുകളോടെ ഗീതു മോഹൻദാസ്

November 19, 2019

പലരും തുറന്നു പറയാൻ മടിക്കുന്ന സ്വവർഗ പ്രണയത്തിന്റെ ആഴവും പരപ്പും തുറന്നുപറഞ്ഞ ചിത്രമാണ് തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുന്ന ‘മൂത്തോൻ’. നിവിൻ പോളി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് മലയാളികളുടെ പ്രിയതാരം ഗീതു മോഹൻദാസാണ്. എന്നാൽ താൻ ഈ ചിത്രം ഒരുക്കിയത് തന്റെ ഉറ്റ സുഹൃത്തിന് വേണ്ടിയാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായിക ഗീതു മോഹൻദാസ്. 20 വർഷം മുൻപ് ആത്മഹത്യ ചെയ്ത സ്വവർഗാനുരാഗിയായ  മൈക്കിളിന് വേണ്ടിയാണ് മൂത്തോൻ ഒരുക്കിയത്. എറണാകുളം ദർബാർ ഹാള്‍ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ക്വീർ പ്രൈഡ് മാർച്ചിന്റെ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ഗീതു നിറകണ്ണുകളോടെ, ഇക്കാര്യം വ്യക്തമാക്കിയത്.

നിവിൻ പോളിക്കൊപ്പം റോഷൻ മാത്യുവും പുതുമുഖ താരം സഞ്ജനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. നിരവധി ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ശേഷമാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്‌തത്‌. മുംബൈയില്‍ വെച്ചു നടന്ന ജിയോ മാമി ഫിലിം ഫെസ്റ്റിവലിലും ‘മൂത്തോന്‍’ നിറഞ്ഞ കൈയടി നേടിയിരുന്നു. ഗീതു മോഹന്‍ദാസാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ടൊറന്റോ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവലില്‍ സ്‌പെഷ്യല്‍ പ്രെസന്റേഷന്‍ നിരയില്‍ പ്രദര്‍ശിപ്പിച്ചപ്പോഴും മികച്ച പ്രതികരണമാണ് ‘മൂത്തോന്‍’ എന്ന ചിത്രത്തിന് ലഭിച്ചത്.

ലക്ഷദ്വീപില്‍ നിന്നും തന്റെ ചേട്ടനെ തിരഞ്ഞ് മുംബൈയിലേക്ക് പോകുന്ന ഒരു ബാലന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. മലയാളത്തിലും ഹിന്ദിയിലുമായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലക്ഷദ്വീപിലും മുംബൈയിലുമായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം.

Read more: “ആയിരം വട്ടം പോതും എന്നുറക്കെ പറയണമെന്നുണ്ടായിരുന്നു… പറ്റിയില്ല, കാരണം…” സീമയെക്കുറിച്ച് ഹൃദയംതൊടുന്ന കുറിപ്പുമായി വിധു

‘മൂത്തോന്‍’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് രാജീവ് രവിയാണ്. പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ് ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയാണ് അനുരാഗ് കശ്യപ്. ബി. അജിത്കുമാര്‍, കിരണ്‍ ദാസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്. അനുരാഗ് കശ്യപ്, വിനോദ് കുമാര്‍, അജയ് ജി റായ്, അലന്‍ മാക്അലക്‌സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

നിരൂപക പ്രശംസ നേടിയ ‘ലയേഴ്‌സ് ഡൈസ്’ എന്ന ചിത്രത്തിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ‘മൂത്തോന്‍’.