‘ടിയ പാവമല്ലേ, എന്റെ സ്വത്തല്ലേ’..സോപ്പിട്ട് ചേച്ചിയെകൊണ്ട് ഹോംവർക്ക് ചെയ്യിക്കുന്ന അനിയൻ- സ്നേഹം നിറഞ്ഞ വീഡിയോ

November 25, 2019

സമൂഹമാധ്യമങ്ങൾ തരംഗമായതോടെ എന്തെല്ലാം കാര്യങ്ങളാണ് നമ്മുടെ വിരൽത്തുമ്പിൽ എത്തുന്നത്? വാർത്തകളും വീഡിയോകളും ചിത്രങ്ങളുമൊക്കെയായി ആളുകളെ നിരന്തരം സജീവമാക്കുകയാണ് ഇത്തരം മാധ്യമങ്ങൾ ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വന്നു കഴിഞ്ഞാൽ നിമിഷ നേരം കൊണ്ടാണ് തരംഗമാകുന്നത്.

ഇപ്പോൾ ഒരു കുസൃതിക്കുടുക്കയും ചേച്ചിയുമാണ് സമൂഹമാധ്യമങ്ങളിലെ താരം. എൽ കെ ജി പ്രായമേ ആൺകുട്ടിക്ക് തോന്നു. സ്‌കൂളിൽ പോകാൻ നേരമായി. ചേച്ചിയെ കൊണ്ട് വേഗം ഹോം വർക്ക് ചെയ്യിക്കുകയാണ് കക്ഷി.

നിന്റെ ഹോംവർക്ക് നീയല്ലേ ചെയ്യേണ്ടത് എന്നൊക്കെ കുട്ടികളുടെ അമ്മ ചോദിക്കുന്നുണ്ട്. അപ്പോൾ ടിയ പാവമല്ലേ, സ്വത്തല്ലേ എന്നൊക്കെ പറഞ്ഞു സോപ്പിടുകയാണ് കുട്ടി ചേച്ചിയെ. ചേച്ചിയാവട്ടെ അമ്മ പറയുന്നത് ശ്രദ്ധിക്കാതെ അനിയന് വേണ്ടി വേഗം ഹോംവർക്ക് എഴുതി തീർക്കുന്ന തിരക്കിലാണ്.

വേഗം എഴുത്, സമയം പോകുന്നു എന്നൊക്കെ ഇടക്ക് കക്ഷി ചേച്ചിയെ ഓർമിപ്പിക്കുന്നുണ്ട്. അതിനിടെ അമ്മ വഴക്ക് പറയുന്നത് കൂടുതൽ ശക്തമായപ്പോൾ അനിയൻകുട്ടനൊരു മുത്തമൊക്കെ നൽകി വഴക്ക് പറയണ്ട പോട്ടെ എന്നൊക്കെ പറഞ്ഞു ചേച്ചി അനിയനെ വിളിച്ചുകൊണ്ടു പോകുകയാണ്. സത്യത്തിൽ മറ്റൊരമ്മയാണ് ചേച്ചിമാർ എന്ന് പറയുന്നത് സത്യമാണെന്നു തെളിയിക്കുന്ന വീഡിയോ ആണിത്. അവർ തമ്മിലുള്ള സ്നേഹമൊക്കെ ശരിക്കും ആരുടെയും മനസ് നിറയ്ക്കും.