സുമനസ്സുകള്‍ കൈകോര്‍ത്തു; ഫ്ളവേഴ്സ് ടിവി ഫെയിം ഗായകന് തേനി മുത്തുവിന് വീടൊരുങ്ങി
ഭാഷയുടെയും ദേശത്തിന്റെയും അതിര്‍വരമ്പുകള്‍ ഭേദിച്ച്, കലാകാരന്മാര്ക്ക് മുമ്പില്‍ അവസരങ്ങളുടെ പുത്തന്‍ വാതായനങ്ങള്‍ തുറക്കുന്ന വേദിയാണ് ഫ്ളവേഴ്സ് കോമഡി ഉത്സവം. പാട്ടും നൃത്തവും ചിരിയും ചിന്തയുമെല്ലാമായി ഫ്ളവേഴ്സ് കോമഡി ഉത്സവം പ്രേക്ഷകരുടെ സ്വീകരണമുറികളില്‍ ഇടം നേടുന്നു. ഫ്ളവേഴ്സ് കോമഡി ഉത്സവം പരിപാടിയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ഗായകനാണ് തേനി മുത്തു എന്ന് അറിയപ്പെടുന്ന കുഞ്ഞുമോന്.
സ്വന്തമായി ഒരു വീട് എന്ന തേനിമുത്തുവിന്റെ ദീര്‍ഘനാളായുള്ള സ്വപ്നത്തിന് ഒടുവില്‍ ചിറക് വിരിയുകയാണ്. സുമനസ്സുകള്‍ കൈകോര്‍ത്തതോടെ തേനി മുത്തുവിന് വീടൊരുങ്ങി. നാളെയാണ് പുതിയ ഭവനത്തിന്റെ താക്കോല്‍ദാനം. ഇടുക്കി വണ്ടന്മേട് സ്വദേശിയാണ് തേനി മുത്തു.
ഫ്ളവേഴ്സ് കോമഡി ഉത്സവ വേദിയിലെത്തിയ തേനി മുത്തു രണ്ട് സ്വപ്നങ്ങള്‍ പങ്കുവെച്ചിരുന്നു. ഒന്ന് സ്വന്തമായൊരു വീട്. മറ്റൊന്ന് സ്റ്റൈല്മന്നന് രജനികാന്തിനെ നേരില്‍ കാണുക. പരിപാടി ശ്രദ്ധയില്‍പ്പെട്ട വണ്ടന്മേട് പൊലീസ്, ജനമൈത്രി പൊലീസിംഗിന്റെ ഭാഗമായുള്ള ഭവനസന്ദര്‍ശനത്തിനിടെ തേനി മുത്തുവിന്റെ വീട്ടിലെത്തി. ഭാര്യയ്ക്കും രണ്ട് പെണ്‍മക്കള്‍ക്കുമൊപ്പമാണ് തേനി മുത്തു കഴിയുന്നത്. ഏറെ പരിതാപകരമായിരുന്നു തേനി മുത്തുവിന്റെ വീടിന്റെ അവസ്ഥ. വീടെന്നു പറയാന്‍പോലും അവിടെ കാര്യമായി ഒന്നുമുണ്ടായിരുന്നില്ല. ആ അവസ്ഥ മനസ്സിലാക്കിയ വണ്ടന്മേട് പൊലീസ് അദ്ദേഹത്തിന് വീടൊരുക്കാന്‍ മുന്‍കൈയെടുത്തു.വണ്ടന്മേട് പൊലീസുകാര്‍ക്കൊപ്പം നിരവധി സുമനസ്സുകളും സഹായവുമായെത്തി. സാമൂഹ്യപ്രവര്‍ത്തകനായ സാബു കുറ്റിപ്പാലയ്ക്കലിന്റെ നേതൃത്വത്തില്‍ പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങി. നിരവധിപേര്‍ അക്കൗണ്ടിലേക്ക് സാമ്പത്തികമായി സഹായമെത്തിച്ചു. വീട് നിര്‍മ്മാണത്തിന് ആവശ്യമായ വസ്തുക്കള്‍ ചിലര്‍ സ്പോണ്സര് ചെയ്തു. അണക്കര ധ്യാനകേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഫാദര്‍ ജോസഫ് തൂങ്കുഴി നാല് ലക്ഷം രൂപ തേനി മുത്തുവിന്റെ വീടിനായി നല്കി. വണ്ടന്മേട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും നാട്ടുകാരും വീടിന്റെ നിര്‍മ്മാണപ്രവര്‍ത്തനത്തിലും സജീവമായിരുന്നു. ജൂണില്‍ ആരംഭിച്ച വീടുപണി അഞ്ച് മാസംകൊണ്ട് പൂര്‍ത്തിയാക്കി.
രാജാക്കണ്ടത്ത് വെച്ചാണ് താക്കോല്‍ദാനം. ഫാദര്‍ ജോസഫ് തൂങ്കുഴി മുഖ്യ കാര്‍മികത്വം വഹിക്കും. ഇടുക്കി ജില്ലാ പൊലീസ് മേധാവി നാരായണന് ടി ഐ പി എസ് തേനി മുത്തുവിന് പുതിയ ഭവനത്തിന്റെ താക്കോല്‍ കൈമാറും.