ഇനി എളുപ്പത്തിൽ പച്ചക്കറികളിലെ വിഷാംശം നീക്കംചെയ്യാം…
വിഷരഹിതമായ പച്ചക്കറികളായിരുന്നു പണ്ടുകാലത്ത് തീന്മേശകളില് നിറഞ്ഞിരുന്നത്. കാരണം അന്ന് മിക്കവീടുകളിലും സ്വന്തം പറമ്പിൽ തന്നെ കൃഷിചെയ്യുന്ന പച്ചക്കറികളാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ കാലം ഒരുപാട് മാറി. വീടുകളില്‍ നിന്നും ഫ്ലാറ്റുകളിലേക്ക് സൗകര്യാര്‍ത്ഥം പലരും കുടിയേറിത്തുടങ്ങി. ഇതോടെ പച്ചക്കറി കൃഷിയെല്ലാം വിരലിലെണ്ണാവുന്ന ഇടങ്ങളില്‍ മാത്രമായി. പച്ചക്കറികള്‍ക്കായി മാർക്കറ്റുകളെയാണ് ഇന്ന് എല്ലാവരും ആശ്രയിക്കാറുള്ളത്. എന്നാല്‍ പലപ്പോഴും വിഷാംശം നിറഞ്ഞ പച്ചക്കറികളാണ് മാര്‍ക്കറ്റുകളില്‍ നിന്നെല്ലാം ലഭിക്കാറുള്ളത്. പച്ചക്കറികളിലെ വിഷാംശത്തെ ഇല്ലാതാക്കാന്‍ ചില എളുപ്പവഴികളുണ്ട്. അത്തരം ചില മാര്‍ഗങ്ങളെ പരിചയപ്പെടാം.
കറിവേപ്പില, തക്കാളി, പച്ചമുളക് തുടങ്ങിയവയിലെ വിഷാംശം ഇല്ലാതാക്കാന്‍ വിനാഗിരി ലായനിയിലോ വാളന്‍പുളി ലായനിയിലോ ഇവ മുക്കിവെയ്ക്കുക. ശേഷം പല തവണ ഈ പച്ചക്കറികള്‍ കഴുകണം. ഇഞ്ചിപേസ്റ്റ് അലിയിച്ച വെള്ളത്തില്‍ ഈ പച്ചക്കറികള്‍ കഴുകുന്നതും വിഷാംശത്തെ ഇല്ലായ്മ ചെയ്യാന്‍ ഒരു പരിധി വരെ സഹായിക്കും.
കാരറ്റ്, മുരിങ്ങയ്ക്ക തുടങ്ങിയ പച്ചക്കറികളിലെ വിഷാംശം നീക്കം ചെയ്യാന്‍ ഉപ്പു ലായനിയിലോ അല്ലെങ്കില്‍ മഞ്ഞൾ വെള്ളത്തിലോ ഈ പച്ചക്കറികള്‍ മുക്കിവെയ്ക്കുക. തുടര്‍ന്ന് പല ആവര്‍ത്തി ഇവ കഴുകുകയും വേണം. വെള്ളം പൂര്‍ണ്ണമായും വാര്‍ന്നുപോയ ശേഷം ഇത്തരം പച്ചക്കറികള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതാണ് നല്ലത്. അതേസമയം കറിവെയ്ക്കുന്നതിന് മുമ്പ് തൊലി കളഞ്ഞ ശേഷവും ഇവ നന്നായി പല ആവര്‍ത്തി കഴുകുന്നത് ഉത്തമമാണ്.
അതുപോലെ കാബേജ് പല ആവര്‍ത്തി കഴുകിയതിനു ശേഷം കോട്ടന്‍ തുണികൊണ്ട് തുടച്ച ശേഷം വേണം ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍. കോളിഫ്ളവര്‍ ഇതളടര്‍ത്തി വിനാഗിരി ലായനിയിലോ മഞ്ഞള്‍ വെള്ളത്തിലോ അല്പനേരം മുക്കിവെയ്ക്കുന്നതും വിഷാംശത്തെ ഒരു പരിധി വരെ നീക്കം ചെയ്യാന്‍ ഇത് സഹായിക്കും. ഏതുതരം പച്ചക്കറിയാണെങ്കിലും ഉപയോഗത്തിനു മുമ്പ് അവ നന്നായി പല ആവര്‍ത്തി കഴുകണം. ഉപ്പിട്ട ചെറുചൂടുവെള്ളത്തില്‍ പച്ചക്കറികള്‍ കഴുകുന്നതും നല്ലതാണ്.