തൊട്ടുനോക്കിയും നിരീക്ഷിച്ചും പച്ചക്കറികളിലെ വ്യാജന്മാരെ തിരിച്ചറിയാം

January 1, 2023

ആരോഗ്യം നിലനിർത്താൻ പച്ചക്കറികളും പഴങ്ങളും കഴിക്കേണ്ടതുണ്ട്. എന്നാൽ പച്ചക്കറികളിലൂടെ ആരോഗ്യം ക്ഷയിച്ചാലോ? കാരണം, വ്യാജന്മാർ അരങ്ങുവാഴുന്ന കാലമാണ്. കെമിക്കലുകൾ ചേർത്ത പച്ചക്കറികളും പഴങ്ങളും വിപണിയിൽ സുലഭമാണ്. വേഗം പഴുപ്പിക്കാനും, വലിപ്പം തോന്നാനും, നിറം വർധിപ്പിക്കാനുമെല്ലാം കെമിക്കലുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ, എങ്ങനെ ഈ വ്യാജന്മാരെ തിരിച്ചറിയണം എന്ന് പലർക്കും അറിയില്ല. പച്ചക്കറികൾ കെമിക്കലുകൾ ചേർന്നതാണോ എന്നറിയാൻ ചില മാർഗങ്ങൾ പരിചയപ്പെടാം.

നല്ല നിറവും വലിപ്പവുമുള്ള ക്യാരറ്റിനോടാണ് ആളുകൾക്ക് പ്രിയം. എന്നാൽ സാധാരണ ക്യാരറ്റ് അങ്ങനെയല്ല. വലിപ്പം കുറഞ്ഞ്, അധികം നിറമില്ലാത്തവയാണ് നല്ല ക്യാരറ്റ്. വലിപ്പം അധികമായിട്ടുള്ളവ രാസവള പ്രയോഗത്തിലൂടെ വളർത്തിയിട്ടുള്ളതാണ്.

മത്തങ്ങയിൽ വരയും, കുത്തുമൊക്കെ ഉണ്ടെങ്കിൽ അത് വാങ്ങരുത്. കാരണം രാസപ്രയോഗത്തിന്റെ ഭാഗമായാണ് ഇത്തരം പാടുകൾ പുറം തൊലിയിൽ കാണുന്നത്. വരകളില്ലാത്ത മിനുസമുള്ള പുറമാണ് പൊതുവെ മത്തങ്ങയ്ക്ക്.

തണ്ണിമത്തന്റെ കാര്യത്തിൽ മുറിച്ചുകഴിയുമ്പോഴേ തിരിച്ചറിയാൻ സാധിക്കൂ. മുറിക്കുമ്പോൾ ഉള്ളിൽ വിള്ളലുകൾ ഉണ്ടെങ്കിൽ അത് പഴുത്തതാണ് എന്നല്ല അർത്ഥം. രാസപ്രയോഗത്തിന്റെ ഭാഗമായി വിണ്ടതാണ്. അതുപോലെ മഞ്ഞ നാരുകളും അമിതമായ ചുവപ്പുനിറവുമാണെങ്കിൽ രാസപ്രയോഗം നടന്നിട്ടുണ്ടെന്ന് ഉറപ്പിക്കാം. വെള്ള നാരുകളാണ് നല്ല തണ്ണിമത്തനുകളിൽ കാണാൻ സാധിക്കുക.

തക്കാളിയുടെ പുറം തൊലിയിൽ തൊടുമ്പോൾ പ്ലാസ്റ്റിക് പോലെയോ, തൊലി ഇളകുന്നതായോ കൃത്രിമത്വം അനുഭവപ്പെട്ടാൽ അത് കെമിക്കലുകൾ അടങ്ങിയതാണെന്നാണ് അർഥം. പുറമെ മിനുസമല്ലാതെ വെളുത്ത വരകളുണ്ടെകിൽ അതും കെമിക്കലിന്റെ സാന്നിധ്യമാണ് സൂചിപ്പിക്കുന്നത്.

Read also: കരുതൽ മതി; കൊവിഡുമായി ബന്ധപ്പെട്ട് വിമാനത്താവളങ്ങളിൽ പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രം…

കുക്കുമ്പർ വാങ്ങുമ്പോൾ ഇതിന്റെ അടിഭാഗം കട്ടിയുള്ളത് നോക്കി വാങ്ങുക. അതുപോലെ മുറിക്കുമ്പോൾ അകത്ത് കുരുക്കൾ ഇല്ലെങ്കിൽ ഉപയോഗിയ്ക്കതിരിക്കുക. മറ്റൊന്ന്, ഏറ്റവും ലളിതമായി പച്ചക്കറികളും പഴങ്ങളും തിരഞ്ഞെടുക്കാവുന്ന മാർഗം കയ്യിലെടുക്കുമ്പോൾ കനമുണ്ടോ എന്ന് പരിശോധിക്കുന്നതിലൂടെയാണ്. കനമുണ്ടെങ്കിൽ അത് നല്ലതാണ്. പുഴുക്കുത്തുകളും, ഈച്ചയുമൊക്കെ ഉള്ളതാണെങ്കിൽ അത് രാസപ്രയോഗമില്ലാത്തതെണെന്നാണ് അർത്ഥമാക്കുന്നത്.

Story highlights- how to find out chemicals in vegetables