ജോലി സമ്മർദം കുറയ്ക്കാൻ ചില എളുപ്പമാർഗങ്ങൾ…
ജോലിയുമായി ബന്ധപ്പെട്ട അസ്വസ്ഥതകളും ടെൻഷനുമെല്ലാം ചിലരെ മാനസീകമായി ബുദ്ധിമുട്ടിക്കാറുണ്ട്. ‘ഓഫീസിലെ ടെൻഷൻസ് ഒരിക്കലും വീട്ടിലേക്ക് കൊണ്ടുവരരുത്’. ഇത് മിക്കപ്പോഴും വലിയ പ്രശ്നങ്ങൾക്ക് തന്നെ കാരണമാകാറുണ്ട്. എന്നാൽ ഇന്ന് മിക്കവരുടെയും ജോലികൾ ഓഫീസ് കഴിഞ്ഞ് വീട്ടിൽ എത്തിയാലും തീരാറില്ല. കുട്ടികൾക്കും ജീവിത പങ്കാളിക്കും കൊടുക്കേണ്ട സമയം കൂടി ജോലിക്കായി മാറ്റിവെക്കുന്നവരാണ് നമ്മളിൽ പലരും. ഇത് കുടുംബ ബന്ധങ്ങളുടെ തകർച്ചയ്ക്ക് കൂടി കാരണമാകുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
ഇരുന്ന് ജോലി ചെയ്യുന്നവർ അറിയാൻ:
ഇരുന്ന് ജോലിചെയ്യുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് സ്ട്രെസ് കൂടുതലാണ്. അതുകൊണ്ടുതന്നെ കൂടുതൽ സമയം ഇരുന്ന് ജോലിചെയ്യുന്നവർ ഇടയ്ക്ക് സ്ട്രെച്ചിങ് വ്യായാമങ്ങൾ ചെയ്യണം. ഇരുന്ന് ജോലിചെയ്യുന്നവരിൽ ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, അർബുദം, ആസ്ത്മ, അൽഷിമേഷ്യസ്, അൾസർ, നടുവേദന, കാഴ്ചക്കുറവ്, കഴുത്ത് വേദന തുടങ്ങി നിരവധി രോഗങ്ങൾ പിടികൂടാനുള്ള സാധ്യത കൂടുതലാണ്.
അതേസമയം കൂടുതൽ നേരം ഇരുന്ന് ജോലി ചെയ്യേണ്ടി വരുന്നവർ കൃത്യമായും നിർബന്ധമായും വ്യായാമം ചെയ്യണം. കാരണം ഇരുന്ന് ജോലി ചെയ്യുമ്പോൾ വളരെ കുറഞ്ഞ അളവിലുള്ള ഊർജം മാത്രമാണ് ചിലവിടുന്നത്. അതിനാൽ ഉയർന്ന രക്ത സമ്മർദം, അമിത ഭാരം, കൊഴുപ്പ്, കൊളസ്ട്രോൾ എന്നിവ വർധിക്കുന്നു. ഇവ ക്രമാതീതമായി വർധിക്കുന്നതോടെ നിരവധി രോഗങ്ങൾക്ക് ശരീരം സജ്ജമാകുന്നു. ഇരിക്കുന്ന പൊസിഷൻ ശരിയായില്ലെങ്കിൽ അത് നടുവേദന, പുറം വേദന, ഷോൾഡർ വേദന എന്നിവയ്ക്കും കുടവയർ ഉണ്ടാകുന്നതിനും കാരണമാകും. അതുപോലെ കംപ്യൂട്ടറിന് മുന്നിൽ അധിക സമയം ഇരിക്കേണ്ടി വരുന്നവർ കണ്ണട നിർബന്ധമായും ധരിക്കണം.
ജോലി സമ്മർദ്ദം കുറക്കാൻ ചില എളുപ്പമാർഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:
- ജോലി സ്ഥലങ്ങളിലെ അനാവശ്യ ഈഗോ ഒഴിവാക്കുക, ആരോഗ്യപരമായ ബന്ധം സഹപ്രവർത്തകരുമായി കാത്തുസൂക്ഷിക്കുക.
- ജോലിഭാരവും ജോലിയുമായി ബന്ധപ്പെട്ട സംശയങ്ങളും സഹപ്രവർത്തകരുമായി പങ്കുവയ്ക്കുക
- വിമർശനങ്ങളെ ക്രിയാത്മകമായി മാത്രം നേരിടുക
- സഹപ്രവർത്തകരുടെ വിജയത്തിൽ സന്തോഷിക്കുക
- മറ്റു പ്രശ്നങ്ങൾ ജോലിയുമായി കൂട്ടികുഴയ്ക്കാതിരിക്കുക
- ജോലി കഴിഞ്ഞ് ലഭിക്കുന്ന സമയങ്ങളിൽ പരമാവധി വിനോദ പരിപാടികളിൽ ഏർപ്പെടുക
- വ്യായാമം, യോഗ എന്നിവ നിർബന്ധമായും ശീലമാക്കുക