ഗോവ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരി തെളിഞ്ഞു
അന്‍പതാമത് ഗോവ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരി തെളിഞ്ഞു സുവര്‍ണ്ണ ജൂബിലിയുടെ നിറവിലാണ് ഇത്തവണത്തെ മേള. ഡോ. ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ ബോളിവുഡ് താരം അമിതാഭ് ബച്ചന് മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ബോളിവുഡ് താരം കരണ്‍ ജോഹര്‍ ഉദ്ഘാടന ചടങ്ങില്‍ അവതാരകനായെത്തി. ഉദ്ഘാടന സമ്മേളനത്തില്‍ ഇന്ത്യന്‍ സിനിമയ്ക്ക് നല്കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് നടന് രജനികാന്തിനെ ഐക്കണ്‍ ഓഫ് ഗോള്‍ഡന്‍ ജൂബിലി പുരസ്കാരം നല്കി ആദരിച്ചു.
ഈ മാസം 28 വരെയാണ് മേള. 76 രാജ്യങ്ങളില്‍ നിന്നുമായി ഇരുനൂറിലധികം ചിത്രങ്ങളാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. 9000ല്‍ അധികം ആളുകള്‍ മേളയില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ‘ഡെസ്പൈറ്റ് ഫോഗ്’ ആണ് മേളയിലെ ഉദ്ഘാടന ചിത്രം. ഗോരന്‍ പാസ്കലോവിക് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ഇത്. മൊഹ്സിന്‍ മക്മല്‍ബഫ് സംവിധാനം ചെയ്ത ‘മാര്‍ഗി ആന്‍ഡ് ഹെര്‍ മദര്‍’ ആണ് സമാപന ചിത്രം.
ഇത്തവണ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ 41 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. 26 ചിത്രങ്ങള്‍ ഫീച്ചര്‍ വിഭാഗത്തിലും 15 എണ്ണം നോണ്‍ ഫീച്ചര്‍ വിഭാഗത്തിലുമാണ് പ്രദര്‍ശിപ്പിക്കുക. പ്രിയദര്‍ശനാണ് ഫീച്ചര്‍ വിഭാഗം ജൂറി ചെയര്മാന്. മലയാളത്തില്‍ നിന്നും മനു അശോകന് സംവിധാനം നിര്‍വഹിച്ച ‘ഉയരെ’, ടി കെ രാജീവ് കുമാറിന്റെ ‘കോളാമ്പി’ എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
Union Minister @PrakashJavdekar along with @SrBachchan, @rajinikanth, and Secy. @MIB_India Amit Khare light the lamp at #IFFIopeningCeremony, at #IFFIGoldenJubilee#IFFI2019 #IFFI pic.twitter.com/a5hDibOCIH
— PIB India (@PIB_India) November 20, 2019