ഗോവ രാജ്യാന്തര ചലച്ചിത്രമേള: ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകന്‍

November 29, 2019

ഗോവയിലെ പനാജിയില്‍ വെച്ചുനടന്ന അന്താരാഷ്ട്ര ചലിച്ചത്രമേളയില്‍ മലയാളത്തിന് നേട്ടം. മികച്ച സംവിധായകനുള്ള രജതമയൂരം പുരസ്‌കാരം ‘ജല്ലിക്കട്ട്’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി നേടി. തുടര്‍ച്ചയായി ഇത് രണ്ടാം തവണയാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ സ്വന്തമാക്കുന്നത്.

കഴിഞ്ഞ വര്‍ഷം ‘ഈ മ യൗ’ എന്ന ചിത്രമായിരുന്നു ലിജോയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. പതിനഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് മികച്ച സംവിധായകനുള്ള രജതമയൂരം പുരസ്‌കാരം. മികച്ച ചിത്രത്തിനുള്ള സുവര്‍ണമയൂരം പുരസ്‌കാരം ബ്ലെയ്‌സ് ഹാരിസന്‍ സംവിധാനം നിര്‍വഹിച്ച ‘പാര്‍ട്ടിക്കിള്‍സ്’ എന്ന ചിത്രത്തിന് ലഭിച്ചു.

Read more:കലോത്സവനഗരിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഈ കൊടിമരത്തിനുണ്ട് ഒരു കഥ പറയാന്‍: വീഡിയോ

അതേസമയം വിവിധ ചലച്ചിത്രമേളകളിലും തിയേറ്ററുകളിലും മികച്ച പ്രതികരണം നേടിയ ചിത്രമാണ് ‘ജല്ലിക്കട്ട്’. കാഴ്ചക്കാരെ അതിശയിപ്പിക്കുന്ന ദൃശ്യമികവിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചെമ്പന്‍ വിനോദും ആന്റണി വര്‍ഗീസും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു.


‘അങ്കമാലി ഡയറീസ്’, ‘ഈ.മാ.യൗ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘ജല്ലിക്കട്ട്’. മലയാള ചലച്ചിത്രലോകത്തിന് ഒരല്പം വ്യത്യസ്തതകള്‍ സമ്മാനിച്ച സംവിധായകനാണ് ലിജോ. നാട്ടിലെ ഒരു ഗ്രാമത്തില്‍ നിന്നും ഒരു പോത്ത് രക്ഷപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തില്‍ മികവോടെ അവതരിപ്പിച്ചിരിക്കുന്നത്. അതിസാഹസിക രംഗങ്ങളും ചിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്.