രണ്ടാം അങ്കത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ; പരമ്പരയില്‍ ഒപ്പത്തിനൊപ്പം

November 8, 2019

ഇന്ത്യ- ബംഗ്ലാദേശ് ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് മിന്നും ജയം. മത്സരത്തില്‍ എട്ട് വിക്കറ്റിന് ഇന്ത്യ ബംഗ്ലാദേശിനെ തകര്‍ത്തു. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനായിരുന്നു വിജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ നിലവില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. അതുകൊണ്ടുതന്നെ മൂന്നാം ടി20 മത്സരം ഇരുടീമുകള്‍ക്കും ഏറെ നിര്‍ണായകമാണ്.

ടോസ് നേടിയ ഇന്ത്യ ബൗളിങ്ങാണ് തിരഞ്ഞെടുത്തത്. 154 റണ്‍സായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. 15.4 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യം വിജയലക്ഷ്യം മറികടന്നു. രോഹിത് ശര്‍മ്മയുടെ മിന്നുംപ്രകടനമാണ് ഇന്ത്യന്‍ ടീമിന് കരുത്തായത്. വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചതിനെത്തുടര്‍ന്ന് രോഹിത് ശര്‍മ്മയാണ് ടി20യില്‍ ടീമിനെ നയിക്കുന്നതും.

43 പന്തില്‍ നിന്നുമായി 85 റണ്‍സ് രോഹിത് ശര്‍മ്മ അടിച്ചെടുത്തു. അതേസമയം ടി20യില്‍ പതിനെട്ടാം അര്‍ധ സെഞ്ചുറിയാണ് രോഹിത് രാജ്‌കോട്ടില്‍ ഇന്നലെ നേടിയത്. കൂടാതെ നൂറാം രാജ്യാന്തര ടി20യും രാജ്‌കോട്ടില്‍ താരം പൂര്‍ത്തിയാക്കി. ഇന്ത്യയുടെ ഓപ്പണര്‍മാരില്‍ ഒരാളായ ശിഖര്‍ ധവാനും മികച്ച രീതിയില്‍ ബാറ്റിങ് പ്രകടനം കാഴ്ചവെച്ചു. 27 പന്തില്‍ നിന്നും 31 റണ്‍സ് നേടിയ ധവാന്‍ മികച്ച പിന്തുണയേകി. ശ്രേയസ് അയ്യര്‍ 23 റണ്‍സും ലോകേഷ് രാഹുല്‍ എട്ട് റണ്‍സും നേടി പുറത്താകാതെ നിന്നു.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 153 റണ്‍സ് നേടിയത്.