വീണ്ടുമൊരു ഷാൻ റഹ്മാൻ മാജിക്; ശ്രദ്ധനേടി ഹെലനിനെ ഗാനം, വീഡിയോ

November 10, 2019

അന്ന ബെന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘ഹെലന്‍’. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ ആണ്. ചിത്രത്തിലെ മനോഹരമായ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഷാൻ റഹ്മാൻ സംഗീതം പകർന്നിരിക്കുന്ന ‘കാണാതീരം..’ എന്ന ഗാനത്തിന്റെ ലിറിക് വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. വിനായക് ശശികുമാറിന്റെ മനോഹരമായ വരികൾക്ക് ആലാപന സൗന്ദര്യം പകർന്നിരിക്കുന്നത് മേഘ ജോസുകുട്ടിയാണ്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ‘പൊൻ താരമേ’ എന്ന് തുടങ്ങുന്ന ഗാനത്തിനും മികച്ച പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നു. വിനീത് ശ്രീനിവാസനും ദിവ്യ എസ് മേനോനുമാണ് പൊൻ താരമേ എന്ന ഗാനം ആലപിച്ചിരിക്കുന്നത്.

ചിത്രീകരണം ആരംഭിച്ച സിനിമ ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ വിനീത് ശ്രീനിവാസനാണ് നിര്‍മ്മിക്കുന്നത്. വിനീത് ശ്രീനിവാസൻ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഹെലൻ. ചിത്രത്തിന്റെ പോസ്റ്റർ നേരത്തെ ചലച്ചിത്രലോകത്ത് ശ്രദ്ധനേടിയിരുന്നു.‘ദി ചിക്കന്‍ ഹബ്ബ്’ എന്ന പേരിലുള്ള റസ്റ്റോറന്റിലെ വെയ്ട്രസ് ആണ് അന്നയുടെ കഥാപാത്രമെന്നാണ് പോസ്റ്റര്‍ തരുന്ന സൂചന. ലാല്‍ പോള്‍, അജു വര്‍ഗീസ്, റോണി ഡേവിഡ് രാജ് എന്നിവര്‍ക്കൊപ്പം ഒരുകൂട്ടം പുതുമുഖങ്ങളും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.

Read also: കടക്കല്‍ ചന്ദ്രനായി മമ്മൂട്ടി; സിനിമ ചിത്രീകരണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് താരം

അവതരണത്തിലെ പുതുമ കൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ആസ്വാദകരുടെ ഹൃദയം കീഴടക്കുമ്പോൾ ബേബി മോൾക്കും ആരാധകർ ഏറെയാണ്. ചിത്രത്തിലെ അന്ന ബെൻ അവതരിപ്പിച്ച കഥാപാത്രമാണ് ബേബി മോൾ.

മധു സി നാരായണ്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’. ശ്യാം പുഷ്‌കറും ദിലീഷ് പോത്തനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇരുവരുടെയും കൂട്ടുകെട്ടില്‍ നിര്‍മ്മിക്കപ്പെടുന്ന ആദ്യ ചിത്രം കൂടിയാണിത്. വര്‍ക്കിങ് ക്ലാസ് ഹീറേയുമായി ചേര്‍ന്ന് ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം.