‘ഞാൻ മാനസികമായി ആകെ തകർന്നു പോയി.. ആ സ്ത്രീ പൂർണ്ണഗർഭിണിയായിരുന്നു’; ഹൃദയംതൊട്ട് ഒരു കെഎസ്ഇബി ഉദ്യോഗസ്ഥന്റെ കുറിപ്പ്

November 19, 2019

ഇരുട്ടിൽ വെളിച്ചം പകരുന്നവരാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ. പലപ്പോഴും ഇലക്ട്രിസിറ്റി പോകുമ്പോൾ നമ്മൾ അടങ്ങുന്ന സാധാരണക്കാർ ഒരു മടിയും കൂടാതെ ഇവരെ വിളിച്ച് ചീത്ത പറയാറുണ്ട്. എന്നാൽ എത്ര മഴയത്തും, വെയിലത്തുമൊക്കെ നമുക്ക് വേണ്ടി ജീവൻ പണയംവെച്ച് പണിയെടുക്കുന്നവരാണ് ഇവർ. ഇപ്പോഴിതാ ഒരു കുടുംബത്തിന് ജീവനും വെളിച്ചവും പകർന്നു നൽകിയ ഒരു അനുഭവം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് ഉസ്മാൻ കൊടുങ്ങല്ലൂർ എന്ന കെഎസ്ഇബി ഉദ്യോഗസ്ഥൻ.

വലിയ സാമ്പത്തീക ഭദ്രതയില്ലാത്ത പൂർണ്ണഗർഭിണിയായ ഒരു ഭാര്യയും ഭർത്താവും താമസിക്കുന്ന കുടുംബത്തിൽ വൈദ്യുതി കണക്ഷൻ എത്തിച്ചു നൽകിയ അനുഭവമാണ് ഉസ്മാൻ വ്യക്തമാക്കിയിരിക്കുന്നത്. കേരളത്തിൽ ഇന്നും ഇലക്ട്രിസിറ്റി പോലും എത്തിച്ചേരാത്ത നിരവധി സഥലങ്ങൾ ഉണ്ടെന്ന് കൂടി വ്യക്തമാക്കുന്നതാണ് ഈ കുറിപ്പ്.

ഉസ്മാൻ കൊടുങ്ങല്ലൂരിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം..

‘എന്റെ സർക്കാർ ജോലിയിലെ ഏറ്റവും സംതൃപ്തി തന്ന ദിവസം..കഴിഞ്ഞ ദിവസം’- പുതിയ ഒരു വൈദ്യുതി  കണക്ഷന്റെ എസ്റ്റിമേറ്റ് നോക്കുവാൻ പോയി,
സ്ഥലം മനസിലാകാത്തതിനാൽ അപേക്ഷകനെ വിളിച്ചു… ഒരു സ്ത്രീ ഫോൺ എടുത്തു… റോട്ടിലേക്ക് വരുമോ? എന്ന് ചോദിച്ചു, അവർ വന്നു… ഞാൻ മാനസികമായി ആകെ തകർന്നു പോയി.. ആ സ്ത്രീ പൂർണ്ണ ഗർഭിണിയായിരുന്നു..(പാവം).

വീട് പറഞ്ഞു തന്നു.. നീല ഷീറ്റ് കെട്ടിയ വീട്… ഞാൻ വണ്ടി ഓടിച്ചു.. നേരെ കാണുന്ന നീല ഷീറ്റ് കെട്ടിയ വീട്ടിലേക്ക്.. അവിടെ കരണ്ട് കണക്ഷൻ ഉണ്ട്… അപ്പോൾ പിന്നിൽ നിന്നൊരു വിളി… “ഇതാണ് എന്റെ വീട്”.. ഞാൻ അങ്ങോട്ട് ചെന്നു.. ഒരു ഷെഡ്… (ഞാൻ 1983 ലെ എന്റെ വീടിനെ കുറിച്ച് ഓർത്തു….)
ഒരു പണിക്കാരൻ ഇറങ്ങി വന്നു അയാൾ തറയിൽ സിമെന്റ് ഇടുകയായിരുന്നു… അത് ആ സ്ത്രീയുടെ ഭർത്താവ് ആയിരുന്നു… അദ്ദേഹം ആണ് അപേക്ഷകൻ… സംസാരിച്ചപ്പോൾ… റേഷൻ കാർഡ് ഇല്ല അപ്പോൾ ബിപിഎൽ അല്ല… പിന്നെ…. വില്ലേജിൽ നിന്നും വരുമാന സർട്ടിഫിക്കേറ്റ് വാങ്ങാൻ നിർദേശിച്ചു. (നിർബന്ധിച്ചു എന്നതാണ് സത്യം, കാരണം അത് കിട്ടാൻ താമസിച്ചാൽ കരണ്ട് കിട്ടാൻ വൈകിയാലോ… എന്നവരുടെ സംശയം..)

ഞാൻ അവിടെ തന്നെ നിന്ന് കൊടുങ്ങല്ലൂർ താലൂക്ക് ഓഫിസിലെ എന്റെ സുഹൃത്ത് ഫാത്തിമയെ വിളിച്ചു…. അവർ ഉടനെ ശ്രീനാരായണ പുരം വില്ലേജ് ഓഫീസർ അജയനെ വിളിച്ചു… അടുത്ത ദിവസം വന്നാൽ സർട്ടിഫിക്കേറ്റ് കൊടുക്കാം എന്ന് പറഞ്ഞു…”സാറെ ഞാൻ കുഞ്ഞാവയുമായി വരുമ്പോൾ വീട്ടിൽ ലൈറ്റ് ഉണ്ടാകും അല്ലേ? ”

“ദൈവം അനുഗ്രഹിച്ചാൽ ഉണ്ടാകും”എന്ന് പറഞ്ഞു ഞാൻ ഓഫീസിൽ വന്നു… ഇന്ന് വളരെ തിരക്കുണ്ടായിട്ടും ഞാൻ ഫാത്തിമയെ വിളിച്ചു വില്ലേജ്  ഓഫീസറുടെ നമ്പർ വാങ്ങി… അതിൽ വിളിച്ചു, “ഉസ്മാൻ വളരെ തിരക്കാണ് നാളെ കൊടുത്താൽ പോരേ സർട്ടിഫിക്കേറ്റ്.? “. “പോരാ ഇന്നു തന്നെ വേണം”. ആ സ്ത്രീയുടെ അവസ്ഥ പറഞ്ഞപ്പോൾ അജയ് അപ്പോൾ തന്നെ സർട്ടിഫിക്കേറ്റ് നൽകി….. സമയം 2 മണി…
പെരിങ്ങോട്ടുകര അസിസ്റ്റന്റ് എഞ്ചിനീയർ റോയ് സാറിന്റെ അച്ഛൻ മരിച്ചിടത്തു പോയി വന്നപ്പോൾ സമയം 4 മണി. ഓവർസീയർ അനിൽ കുമാർ ആയിരുന്നു ഫ്രണ്ട് ഓഫീസിൽ, അവനോട് മാറിയിരിക്കാൻ പറഞ്ഞു. ഫീൽഡിൽ പോകാൻ നിൽക്കുന്ന ജേക്കബ് സാറിനെ 5 മിനിറ്റ് പിടിച്ചു നിർത്തി…

ഞാൻ അവിടെ ഇരുന്നു അപേക്ഷയുടെ വർക്കുകൾ തീർത്തു അപ്പോഴേക്കും ae സുരേഷ് സാർ എത്തി. എസ്റ്റിമേറ്റ് അപ്രൂവൽ ചെയ്തു തന്നു… CD (ക്യാഷ് ഡെപ്പോസിറ്റ്) അടക്കാൻ നോക്കിയപ്പോൾ എന്റെ പോക്കറ്റിലെ പണം തികയില്ല. മിഥുൻ സാറിൽ നിന്ന് കടം വാങ്ങിയ പണം കൊണ്ട് CD അടച്ചു. AE-യെക്കൊണ്ട് അസൈൻ ചെയ്യിച്ചു… മിഥുൻ സാർ അപ്പോൾ തന്നെ കണക്ഷൻ എഴുതി.. വഴിയിൽ വച്ച് ലൈൻ മാൻ സാബുവിനെ കണ്ടു. “പീക്ക് ഡ്യൂട്ടിയിൽ ഒരു പുണ്യ പ്രവർത്തി ചെയ്യാൻ ഒരു അവസരം തരാം” എന്ന് മുഖവരയോടെ കാര്യം പറഞ്ഞു…, 6 മണിക്ക് എനിക്ക് ആ സ്ത്രീയുടെ ഫോൺ വന്നു “സാർ അവർ വന്നു കരണ്ട് കിട്ടീട്ടാ… സാറിനെയും കൂട്ടുകാരെയും ദൈവം അനുഗ്രഹിക്കട്ടെ “. ആ വാക്കുകളിലെ സന്തോഷം ഞാൻ ഇവിടെ കൊടുങ്ങല്ലൂരിൽ ഇരുന്നറിഞ്ഞു… ഈ പ്രവർത്തിക്കു എന്നെ സഹായിച്ച… ദൈവത്തിനു നന്ദി..

എന്റെ സഹപ്രവർത്തകർ, അസിസ്റ്റന്റ് എഞ്ചിനീയർ സുരേഷ് സാർ, സബ് എഞ്ചിനീയർമാരായ ജേക്കബ് സാർ, മിഥുൻ സാർ, ഓവർസീർ അനിൽ കുമാർ, ലൈൻമാൻമാരായ സാബു, ഓമനക്കുട്ടൻ, ബാബു ചേട്ടൻ എന്നിവർക്ക് നന്ദി രേഖപെടുത്തുന്നു…