സിനിമ കാണാൻ പോയ സഞ്ജന മൂത്തോനിലെ മുല്ലയായത് ഇങ്ങനെ

November 14, 2019

മലയാളികളുടെ പ്രിയതാരം നിവിൻ പോളിയെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രമാണ് മൂത്തോൻ. നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുന്ന ചിത്രത്തിലെ താരങ്ങളുടെ അഭിനയത്തെ പ്രശംസിച്ചും നിരവധി ആളുകൾ എത്തിയിരുന്നു. ചിത്രത്തിൽ നിവിൻ പോളിയ്‌ക്കൊപ്പം തന്നെ ഏറെ അഭിനന്ദനം ഏറ്റുവാങ്ങിയ താരമാണ് മൂത്തോന്റെ സഹോദരിയായി എത്തിയ മുല്ല.

സിനിമയിൽ മികച്ച അഭിനയം കാഴ്ചവെച്ച ഈ പുതുമുഖത്തെക്കുറിച്ച് അന്വേഷിച്ചവരും ഏറെയാണ്. സഞ്ജന എന്നാണ് ഈ കൊച്ചുമിടുക്കിയുടെ പേര്. സഞ്ജന മൂത്തോനിലെ മുല്ല ആയത് എങ്ങനെയാണെന്ന് താരം തന്നെ വ്യക്തമാക്കുകയാണ്.

സിനിമ കാണാൻ പോയ സഞ്ജന സിനിയിലെത്തിയ കഥ  ഇങ്ങനെ:

കുടുംബത്തിനൊപ്പം ഒരിക്കൽ തിയേറ്ററിൽ പോയപ്പോഴാണ് സഞ്ജന സംവിധായിക ഗീതു മോഹൻദാസിനെ കണ്ടത്. സഞ്ജനയുടെ അച്ഛന്റെ സുഹൃത്തിന്റെ കസിനാണ് ഗീതു മോഹൻദാസ്. അച്ഛനോട് തനിക്ക് ഗീതു മോഹൻദാസിനോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് അച്ഛൻ സമ്മതിക്കുകയായിരുന്നു. ” ഗീതു ആന്റിയെ പരിചയപ്പെട്ട് സംസാരിക്കുന്നതിനിടയിൽ ഗീതു ആന്റി കുറെ നേരം തന്നെ നോക്കി നിന്നു. കുറച്ച് സമയം വിശേഷങ്ങൾ പങ്കുവെച്ച ശേഷം ഞങ്ങൾ സിനിമയ്ക്ക് കയറി. പിന്നീട് വീട്ടിലെത്തി ഇതിനെക്കുറിച്ച് സംസാരിച്ചപ്പോൾ അച്ഛൻ തന്നോട് ചോദിച്ചു എന്തിനാണ് ഗീതു മോഹൻദാസ് തന്നെ ഇങ്ങനെ സൂക്ഷിച്ച് നോക്കിയതെന്ന്, ചിലപ്പോൾ സിനിമയിൽ എടുക്കാനാവും എന്ന്  താൻ കളി പറഞ്ഞു”, അതേസമയം പിന്നീട് അത് യാഥാർഥ്യമാകുകയായിരുന്നുവെന്നും സഞ്ജന കൂട്ടിച്ചേർത്തു.

Read More :കല്യാണ ക്ഷണക്കത്ത് തൂവാലയിൽ, സമ്മാനമായി വിത്തുകളും മരത്തൈകളും; ഇതിന് പിന്നിലെ കാരണമിതാണ് !

“കുറച്ച് ദിവസങ്ങൾക്ക് ശേഷം ഗീതു ആന്റി അച്ഛനെ വിളിക്കുകയായിരുന്നു, അടുത്ത സിനിമയിൽ അഭിനയിക്കാൻ സാധിക്കുമോ എന്ന് ആന്റി  ചോദിച്ചു. താത്പര്യമുണ്ടെങ്കിൽ ഒഡീഷന് വരണമെന്നും പറഞ്ഞു. സിനിമ ഇഷ്ടമായതുകൊണ്ട് ഞാൻ ആദ്യം തന്നെ ഓക്കെ പറഞ്ഞു. മുടി വെട്ടണമെന്നാണ് ആദ്യം ഗീതു ആന്റി ആവശ്യപ്പെട്ടത്.” മറ്റൊരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്  താരം  ഇത് പറഞ്ഞത്.