‘നക്ഷത്രം മിന്നിത്തുടങ്ങി…’, ഹരിശങ്കറിന്റെ ആലാപനത്തിൽ ഒരു മനോഹരഗാനം; വീഡിയോ

November 20, 2019

നവാഗതനായ ഗിരീഷ് നായർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘പൂഴിക്കടകൻ’. സാമുവൽ ജോൺ എന്ന കഥാപാത്രമായി ചെമ്പൻ വിനോദ് ജോസാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജയസൂര്യയും ചിത്രത്തിൽ ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ധന്യാ ബാലകൃഷ്ണയാണ് ചിത്രത്തിലെ നായിക. അലൻസിയർ, വിജയ് ബാബു, ബാലു വർഗീസ്, സജിത് നമ്പ്യാർ, സുധി കോപ്പ, ബിജു സോപാനം, കോട്ടയം പ്രദീപ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

ഇപ്പോഴിതാ ചലച്ചിത്ര പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ പുതിയ ഗാനം. ‘നക്ഷത്രം മിന്നിത്തുടങ്ങി’ എന്ന് തുടങ്ങുന്ന ഹരിശങ്കർ ആലപിച്ച ഗാനമാണ് പുറത്തെത്തിയത്. മനു മഞ്ജിത്തിന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് രഞ്ജിത് മേലേപ്പാട്ട് ആണ്.

ലിജോ ജോസ് പെല്ലിശേരിയുടെ ‘ജല്ലിക്കട്ട്’ എന്ന ചിത്രമാണ് ചെമ്പന്‍ വിനോദിന്റെതായി അവസാനം റിലീസ് ചെയ്ത ചിത്രം. നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ശേഷമാണ് ചിത്രം റിലീസ് ചെയ്‌തത്‌. ചിത്രത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആസ്പദമാക്കിയാണ് ‘ജല്ലിക്കട്ട്’ നിർമിച്ചിരിക്കുന്നത്.

Read also: പഞ്ചാബി കഥയുമായ് കാളിദാസ്; ‘ഹാപ്പി സർദാർ’ തിയേറ്ററുകളിലേക്ക്

അതേസമയം ജയസൂര്യയുടേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രമാണ് ‘തൃശ്ശൂർ പൂരം’. ചിത്രം ക്രിസ്മസിന് തിയേറ്ററുകളിൽ എത്തും. തൃശ്ശൂർ പൂരത്തിന്റെ എല്ലാ ഭാവങ്ങളും പറയുന്ന ചിത്രമാണ് ‘തൃശ്ശൂർ പൂരം’. ചിത്രത്തിന്‍റെ സംവിധാനം നിർവഹിക്കുന്നത് രാജേഷ് മോഹനാണ്. സംഗീത സംവിധായകൻ രതീഷ് വേഗയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമിക്കുന്നത്. തൃശ്ശൂരിന്റെ വികാരം കൂടിയായ പൂരം സിനിമയാകുമ്പോൾ ഏറെ ആവേശത്തോടെയാണ് തൃശ്ശൂര്‍ ജനത.

അതേസമയം ജയസൂര്യയുടേതായി അന്വേഷണം, മെട്രോമാൻ ഈ ശ്രീധരന്റെ ജീവിത കഥ പറയുന്ന ചിത്രം തുടങ്ങിയവയും വെള്ളിത്തിരയിൽ ഒരുങ്ങുന്നുണ്ട്.