ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനും മൂത്തോനും പിന്നെ നാല്‍പത്തിയൊന്നും; നാളെ തിയേറ്ററുകളിലേക്കെത്തുന്ന ചിത്രങ്ങള്‍

November 7, 2019

മലയാള ചലച്ചിത്ര ആസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മൂന്ന് ചിത്രങ്ങള്‍ നാളെ മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നു.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25-

ചലച്ചിത്ര ലോകത്ത് അഭിനയത്തിന്റെ കാര്യത്തില്‍ പകരംവെയ്ക്കാനില്ലാത്ത പ്രതിഭകളാണ് സൗബിന്‍ സാഹിറും സുരാജ് വെഞ്ഞാറമൂടും. ‘വികൃതി’ എന്ന ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും വെള്ളിത്തിരയില്‍ ഒരുമിച്ചെത്തുകയാണ് ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25’ എന്ന ചിത്രത്തിലൂടെ. പ്രഖ്യാപനം മുതല്‍ക്കെ ചിത്രത്തെ പ്രേക്ഷകരും ഏറ്റെടുത്തിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറും മികച്ച പ്രതികരണം നേടി.

നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ സംവിധാനം നിര്‍വഹിക്കുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സൗബിന്‍ സാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന പേരില്‍ എത്തുന്ന ഹ്യൂമനോയിഡാണ് മറ്റൊരു ആകര്‍ഷണം. അരുണാചല്‍ സ്വദേശി കെന്‍ഡി സിര്‍ദോയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

മൂത്തോന്‍-

നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂത്തോന്‍. അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ശ്രദ്ധ നേടുന്ന ചിത്രം നാളെ മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ലക്ഷദ്വീപില്‍ നിന്നും തന്റെ ചേട്ടനെ തിരഞ്ഞ് മുംബൈയിലേയ്ക്ക് പോകുന്ന ഒരു യുവാവിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. മലയാളത്തിലും ഹിന്ദിയിലുമായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലക്ഷദ്വീപിലും മുംബൈയിലുമായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം.

മൂത്തോന്‍ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ഗീതു മോഹന്‍ദാസിന്റെ ഭര്‍ത്താവ് രാജീവ് രവിയാണ്. പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ് ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാള്‍ കൂടിയാണ് അനുരാഗ് കശ്യപ്.

ബി. അജിത്കുമാര്‍, കിരണ്‍ ദാസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ ചിത്രസംയോജനം നിര്‍വ്വഹിച്ചിരിക്കുന്നത്. അനുരാഗ് കശ്യപ്, വിനോദ് കുമാര്‍, അജയ് ജി റായ്, അലന്‍ മാക്അലക്‌സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

നാല്‍പത്തിയൊന്ന്-

ബിജു മേനോനും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് നാല്‍പത്തിയൊന്ന്. ലാല്‍ ജോസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ലാല്‍ ജോസ് സംവിധാനം നിര്‍വഹിക്കുന്ന ഇരുപത്തിയഞ്ചാമത്തെ ചിത്രമാണ് നാല്‍പത്തിയൊന്ന്. കണ്ണൂര്‍ ജില്ലയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

കണ്ണൂരില്‍ നിന്ന് തുടങ്ങി ഒരു തെക്കന്‍ ജില്ലയിലേക്കുളള സഞ്ചാരമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നവാഗതനായ പി ജി പ്രഗീഷ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എസ് കുമാര്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. അജയന്‍ മാങ്ങോടാണ് കലാസംവിധാനം. രഞ്ജന്‍ എബ്രഹാം എഡിറ്റിങ് നിര്‍വഹിക്കുന്നു. രഘുരാമ വര്‍മ്മയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍.