രജനികാന്തിന് പ്രിയപ്പെട്ട മൂന്ന് സിനിമകള്‍

November 11, 2019

തമിഴകത്ത് മാത്രമല്ല തെന്നിന്ത്യ ഒട്ടാകെ ആരാധകരുണ്ട് സ്റ്റൈല്‍മന്നന്‍ രജനികാന്തിന്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് താരം. കമല്‍ഹാസന്‍ സിനിമയിലെ അറുപത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ആഘോഷങ്ങളുടെ ഭാഗമായി സംവിധായകന്‍ കെ ബാലചന്ദറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ടിരുന്നു. രജനികാന്തായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. ചടങ്ങില്‍ സംസാരിക്കവെയാണ് രജനികാന്ത് തനിക്ക് എക്കാലത്തും പ്രിയപ്പെട്ട സിനിമകളെക്കുറിച്ച് സംസാരിച്ചത്.

1972- ല്‍ തിയേറ്ററുകളിലെത്തിയ ഹോളിവുഡ് ചിത്രം ‘ഗോഡ് ഫാദര്‍’ ആണ് സ്റ്റൈല്‍മന്നന്റെ ഇഷ്ടചിത്രങ്ങളില്‍ ഒന്ന്. ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളയാണ് ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എ പി നാഗരാജന്‍ സംവിധാനം നിര്‍വഹിച്ച് 1965-ല്‍ തിയേറ്ററുകളിലെത്തിയ ‘തിരുവിളൈയാടല്‍’ എന്ന തമിഴ് ചിത്രമാണ് രജനികാന്തിന് പ്രിയപ്പെട്ട മറ്റൊരു ചിത്രം. കമല്‍ഹാസന്‍ സംവിധാനം നിര്‍വഹിച്ച ‘ഹേ റാം’ ആണ് രജനികാന്തിന് ഇഷ്ടപ്പെട്ട മൂന്നാമത്തെ ചിത്രം. 2000-ത്തിലാണ് ഈ ചിത്രം തിയേറ്ററുകളിലെത്തിയത്. മറ്റൊന്നും കാണാനില്ലാതെ വരുമ്പോള്‍ ഇപ്പോഴും ഈ ചിത്രങ്ങള്‍ കാണാറുണ്ടെന്നും ഹേ റാം 30-40 തവണ കണ്ടിട്ടുണ്ടെന്നും രജനികാന്ത് പറഞ്ഞു.

Read more:പ്രായം ഒരു വയസ്സ്; ദേ ഇതാണ് മോഹന്‍ലാലിന്റെ കട്ടഫാന്‍; രസകരം ഈ ‘ലാലേട്ടാ…’ വിളി

അതേസമയം ‘ദര്‍ബാര്‍’ ആണ് രജനികാന്ത് നായകനായി ഇനി തിയേറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രം. എ ആര്‍ മുരുഗദോസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ആദിത്യ അരുണാചലം എന്നാണ് ചിത്രത്തില്‍ രജനികാന്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. റിയ അരുണാചലം എന്ന കഥാപാത്രമായി നയന്‍താരയും ചിത്രത്തിലെത്തുന്നു. ഒരു പൊലീസുകാരനായിട്ടാണ് സ്‌റ്റൈല്‍ മന്നന്‍ ‘ദര്‍ബാറി’ലെത്തുന്നത്. മുംബൈ ആസ്ഥാനമായി നടക്കുന്ന കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം.

സന്തോഷ് ശിവനാണ് ‘ദര്‍ബാര്‍’ എന്ന സിനിമയുടെ സിനിമാറ്റോഗ്രഫി നിര്‍വഹിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം രജനീകാന്തിനായി സന്തോഷ് ശിവന്‍ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ചിത്രത്തിനുവേണ്ടി സംഗീതമൊരുക്കുന്നു.