‘പതിനഞ്ചു വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ കുട്ടികളായിരുന്നു’- മംമ്തയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് സൈജു കുറുപ്പ്

November 26, 2019

മലയാള സിനിമയിലെ വിജയ നായികയാണ് മംമ്ത. അതുപോലെ തന്നെ സ്വാഭാവിക അഭിനയത്തിലൂടെ സിനിമ ലോകത്ത് ഇടം പിടിച്ച ആളാണ് സൈജു കുറുപ്പ്. ഇരുവരുടെയും സിനിമ യാത്ര ആരംഭിച്ചത് ഒന്നിച്ചായിരുന്നു. ഹരിഹരന്റെ ‘മയൂഖ’ത്തിലൂടെ. പതിനഞ്ചു വർഷം മുൻപ് നായിക നായകന്മാരായി അരങ്ങേറിയ രണ്ടാളും പിന്നീട് ഒരു സിനിമയിലും ഒന്നിച്ചിട്ടില്ല. ഇപ്പോൾ ടൊവിനോ തോമസ് നായകനാകുന്ന ‘ഫോറൻസിക്’ എന്ന സിനിമയിലൂടെ വീണ്ടും ഒന്നിച്ച് അഭിനയിക്കുകയാണ് സൈജു കുറുപ്പും മംമ്തയും.

പതിനഞ്ചു വർഷത്തിന് ശേഷം ഒന്നിച്ചഭിനയിക്കുന്നതിന്റെ സന്തോഷം സൈജു കുറുപ്പ് മറച്ച് വയ്ക്കുന്നില്ല. ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രം പങ്കുവെച്ച് സൈജു കുറുപ്പ് ഇങ്ങനെ കുറിക്കുന്നു.

‘പതിനഞ്ചു വർഷങ്ങൾക്ക് മുൻപ് ഹരിഹരൻ സാറിന്റെ ‘മയൂഖ’ത്തിൽ അഭിനയിക്കുമ്പോൾ ഞങ്ങൾ കുട്ടികളായിരുന്നു, വിദ്യാർത്ഥികളായിരുന്നു. പതിനഞ്ചു വർഷത്തിനിപ്പുറം ഞങ്ങൾ വീണ്ടും ഒന്നിക്കുമ്പോൾ കുറച്ച് കൂടി പരിചയസമ്പന്നരായി , കുറച്ച് കൂടി വളർന്നു, ഒരുപാട് കടമ്പകൾ കടന്ന് കുറേക്കൂടി പഠിച്ചു. ഒന്നിച്ചെത്തുമ്പോൾ ഓർമകളും ഓടിയെത്തുന്നു. വീണ്ടും ഒന്നിച്ചു അഭിനയിക്കുന്നതിൽ സന്തോഷമുണ്ട് മംമ്ത..’- സൈജു കുറുപ്പ് ഇൻസ്റ്റാഗ്രാമിൽ കുറിക്കുന്നു.

ഇതിനു മംമ്തയുടെ മറുപടിയുമെത്തി. ‘പക്ഷെ, ഇന്ന് നമുക്ക് കാരാവാനുണ്ട്..എന്ത് രസകരം, അല്ലെ?’.

Read More:അലിയ ഭട്ട് ഉടൻ വിവാഹിതയാകുന്നുവെന്ന് ദീപിക പദുകോൺ- രസകരമായ മറുപടിയുമായി അലിയ ഭട്ട്

അനസ് ഖാനും അഖിൽ പോളും തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ഒരു കുറ്റാന്വേഷണ ചിത്രമാണ് ‘ഫോറൻസിക്’. അന്വേഷണ ഉദ്യോഗസ്ഥനായാണ് സിനിമയിൽ ടോവിനോ തോമസ് എത്തുന്നത്.