സഞ്ജുവിന്‍റെയും പന്തിന്‍റെയും ക്രിക്കറ്റ് ഭാവിയെക്കുറിച്ച് കായിക ചര്‍ച്ച സജീവമാകുമ്പോള്‍…

November 12, 2019

ബംഗ്ലാദേശിനെതിരെയുള്ള 20-ട്വന്റി പരമ്പര ഇന്ത്യ സ്വന്തമാക്കിയെങ്കിലും മലയാളിതാരം സഞ്ജു സാംസണിന് അവസരം ലഭിക്കാത്തത് കായികലോകത്ത് ചര്‍ച്ചയായി. പരമ്പരയിൽ ഇടം ലഭിച്ചെങ്കിലും കളിക്കളത്തിൽ ഇറങ്ങാൻ സഞ്ജുവിന് സാധിച്ചില്ല. മലയാളി ക്രിക്കറ്റ് ആരാധകരെ നിരാശയിൽ ആഴ്ത്തുന്ന ഈ സംഭവത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്മെന്റിന്റെ ഭാവി തീരുമാനങ്ങളെ ആശങ്കയോടെയാണ് ക്രിക്കറ്റ് ആരാധകര്‍ കാണുന്നത്.

വരും കാല വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്‍ ആരാകുമെന്ന തരത്തിലാണ് ചർച്ച. പരമ്പരക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ഒരവസരം പോലും സഞ്ജുവിന് ലഭിച്ചില്ല. എന്നാല്‍ മൂന്നു കളികളിലും ഇറങ്ങാന്‍ ഋഷഭ് പന്തിനു സാധിച്ചു. മാത്രമല്ല, രണ്ടു മത്സരങ്ങളിൽ ബാറ്റു ചെയ്യാനും ഋഷഭ് പന്തിനു അവസരമുണ്ടായി.

ഇതോടെയാണ് ബാറ്റ്സ്മാന്‍ സാധ്യത മാത്രമേ സഞ്ജുവിനുള്ളൂ എന്ന തരത്തിൽ ഊഹാപോഹങ്ങള്‍ ഉയരുന്നത്. പന്തിന്റെ മോശം പ്രകടനം മാനേജ്മെന്‍റ് ശ്രദ്ധിക്കുന്നതേയില്ലന്നാണ് ചിലരുടെ അഭിപ്രായം. അതേസമയം കൂടുതൽ അവസരങ്ങൾ നൽകി പന്തിനു ഊർജം നൽകുക എന്ന തരത്തിലാണ് മാനേജ്മന്റ് നീങ്ങുന്നതെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.  ന്യു ഡൽഹിയിലെ ആദ്യ ഏക ദിനത്തിൽ പന്തിനു തുടർച്ചയായി പിഴച്ചിട്ടും മാനേജ്‌മെന്റ് കണ്ണടച്ചു എന്നാണ് ചിലരുടെ വാദം.

read more : പ്രതീക്ഷയുണർത്തി ക്രിസ്മസ് റിലീസുകൾ; രണ്ടു മമ്മൂട്ടി ചിത്രങ്ങളും

അതേസമയം ബാറ്റിംഗ് മികവിൽ ടീമിൽ സെലക്ഷൻ ലഭിച്ച സഞ്ജുവിന് സാധ്യത നിലനില്ക്കു‍കയാണ്. 20 – ട്വന്റി ലോകകപ്പിന് ഇനിയും സമയമുള്ളതിനാൽ ആഭ്യന്തര ക്രിക്കറ്റിൽ കഴിവ് തെളിയിച്ചാൽ സഞ്ജു സാധ്യത ഉയർത്തുമെന്നാണ് പ്രതീക്ഷ.

അതിനോടൊപ്പം ബംഗ്ലാദേശിനെതിരെ ഇറങ്ങാൻ സാധിച്ചില്ലെങ്കിലും ടീമിനൊപ്പം തന്റെ ഇരുപത്തിയഞ്ചാം പിറന്നാൾ സഞ്ജു സാംസൺ ഗംഭീരമായി ആഘോഷിച്ചു. ടീം ക്യാമ്പിൽ ആഘോഷപൂർവം കേക്ക് മുറിക്കുന്ന വീഡിയോ സഞ്ജു ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.