ടൈറ്റാനിക്കിൽ ഒന്ന് കൂടി യാത്ര ചെയ്യാം, ആ മഹാ ദുരന്തത്തിന്റെ ഭീകരത അടുത്തറിയാം

November 13, 2019

‘ടൈറ്റാനിക്’ സിനിമയിൽ പ്രണയം ചാലിച്ച് ജെയിംസ് കാമറൂൺ പറഞ്ഞ ദുരന്തകഥക്കും അപ്പുറമാണ് യഥാർത്ഥത്തിൽ സംഭവിച്ചത്. അപകടം സംഭവിച്ച് നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ആളുകളുടെ ഉള്ളിൽ ഇന്നും ഒരു വിങ്ങുന്ന ഓർമ്മയാണ് ടൈറ്റാനിക് ദുരന്തം. 1912 ഏപ്രിൽ പത്തിന് യാത്ര തുടങ്ങിയ ടൈറ്റാനിക് മൂന്നാം ദിവസം കൂറ്റൻ മഞ്ഞു മലയിൽ ഇടിച്ച് തകരുകയായിരുന്നു.  യാത്രക്കാരുമായി പുറപ്പെട്ട ടൈറ്റാനിക് ഏപ്രിൽ പതിനാലിനാണ് തകർന്നത്. അതും കപ്പലിന്റെ കന്നിയാത്രയിൽ തന്നെ. ആ യാത്രാനുഭവത്തിനായി ടൈറ്റാനിക്കിൽ ഒരിക്കൽ കൂടി യാത്ര ചെയ്യാനുള്ള അവസരമൊരുക്കിയിരിക്കുകയാണ് അയർലണ്ടിൽ.

ടൈറ്റാനിക് എക്സ്പീരിയൻസ് കോബിലാണ് ഈ അവസരം ഒരുക്കിയിരിക്കുന്നത്. ടൈറ്റാനിക്കില്‍ ഉണ്ടായിരുന്ന 123 പേർ  ഇവിടുത്തെ വൈറ്റ് സ്റ്റാര്‍ ലൈന്‍ ടിക്കറ്റ് ഓഫിസില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. അതുകൊണ്ടു തന്നെ ടൈറ്റാനിക് എക്സ്പീരിയൻസ് കോബിൽ എത്തുന്നവർക്ക് അവരെ പോലെ തന്നെ  യാത്ര തുടങ്ങാം.

രണ്ടു ഭാഗമായാണ് ഈ അനുഭവം ഒരുക്കിയിരിക്കുന്നത്. ആദ്യ ഭാഗത്ത് യാത്ര പുറപ്പെട്ട ആ 123 പേരെക്കുറിച്ച് അടുത്തറിയാൻ സാധിക്കും. രണ്ടാം ഭാഗത്ത് എന്തുകൊണ്ട് അപകടം നടന്നു എന്നും, എങ്ങനെ ആയിരുന്നു അപകടം എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചുള്ള വിശകലനമാണ്.

Read more:വിജയ് സേതുപതി ഇരട്ടവേഷത്തിൽ; ‘സങ്കതമിഴൻ’ തിയേറ്ററുകളിലേക്ക്

ആദ്യഭാഗത്ത് ആ 123 പേരുടെ ഓർമ്മകൾ പങ്കുവയ്ക്കുന്ന ഓഡിയോ വിഷ്വൽ ടൂർ ആണ്. ഇതൊക്കെ കാണാൻ സാധിക്കുന്നത് ഒരു ഇന്റീരിയർ ഷിപ്പ് മോഡലിനുള്ളിലാണ്. അതുകൊണ്ടു തന്നെ കപ്പലിൽ യാത്ര ചെയ്യുന്ന അതേ ഫീലിൽ അടുത്തറിയാൻ സാധിക്കും.

അടുത്തഭാഗത്ത് കാരണങ്ങൾ വിശകലനം ചെയ്യുന്നതിനൊപ്പം യാത്രക്കാരായിരുന്ന 123 പേരുടെ ജീവിതവും അവരുടെ വ്യക്തിവിവരങ്ങളും പ്രത്യേക ടച്ച് സ്ക്രീൻ സംവിധാനങ്ങളിലൂടെ അറിയാൻ സാധിക്കും.