25 വർഷങ്ങൾക്ക് ശേഷം ടൈറ്റാനിക് വീണ്ടും റിലീസ് ചെയ്യുന്നു; തിയേറ്ററുകളിലെത്തുന്നത് 4 കെ 3 ഡി പതിപ്പ്

January 12, 2023

ലോകസിനിമയിലെ അത്ഭുതമായിരുന്നു ടൈറ്റാനിക്. 1997 ൽ പുറത്തിറങ്ങിയ ജയിംസ് കാമറൂണിന്റെ പ്രണയ കാവ്യം ഐതിഹാസിക വിജയമാണ് നേടിയത്. ടൈറ്റാനിക് സ്വന്തമാക്കിയ കളക്ഷൻ റെക്കോർഡുകൾ 12 വർഷത്തോളം അജയ്യമായി നിന്നു. പിന്നീട് കാമറൂണിന്റെ തന്നെ അവതാറാണ് ആ റെക്കോർഡ് ഭേദിച്ചത്. ജാക്കിന്റെയും റോസിന്റെയും പ്രണയം സിനിമ പ്രേമികളുടെ മനസ്സിൽ ആഴത്തിൽ പതികയുകയായിരുന്നു.

ഇപ്പോൾ ടൈറ്റാനിക് വീണ്ടും റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ 25ാം വാർഷികത്തിന്റെ ഭാഗമായാണ് ടൈറ്റാനിക് റീ റിലീസ് ചെയ്യുന്നത്. 4 കെ 3 ഡിയിലേക്ക് റീമാസ്റ്ററിങ് നടത്തിയ പതിപ്പാണ് ഫെബ്രുവരി 10 ന് ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ പുതിയ ട്രെയ്‌ലറും അണിയറപ്രവർത്തകർ റിലീസ് ചെയ്‌തു.

അതേ സമയം ജയിംസ് കാമറൂൺ സംവിധാനം ചെയ്‌ത ‘അവതാർ 2’ കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറുകയായിരുന്നു. 13 വർഷങ്ങൾക്ക് ശേഷമാണ് അവതാറിന്റെ രണ്ടാം ഭാഗം തിയേറ്ററുകളിലെത്തിയത്. പണ്ടോറ എന്ന അത്ഭുത ലോകവും ദൃശ്യവിസ്‌മയമൊരുക്കിയ കഥാലോകവും വീണ്ടും പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുകയായിരുന്നു. ഇത്തവണ കടലിനടിയിലെ അത്ഭുത ലോകത്തേക്കാണ് സംവിധായകൻ ജയിംസ് കാമറൂൺ പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോയത്. ‘അവതാർ- ദ വേ ഓഫ് വാട്ടർ’ ഡിസംബർ 16-നാണ് റിലീസ് ചെയ്‌തത്‌. ദൃശ്യവിസ്‌മയം ഒരുക്കിയിരിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ലഭിച്ചത്.

Read More: ഗോൾഡൻ ഗ്ലോബ് അവാർഡ് നേടിയ ‘ആർആർആർ’ ടീമിനെ നേരിട്ട് അഭിനന്ദിച്ച് എതിരാളിയായിരുന്ന റിഹാന- വിഡിയോ

വലിയ കളക്ഷൻ നേടിയ ചിത്രം കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറുകയായിരുന്നു. 12000 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ആഗോള കളക്ഷനെന്നാണ് പുറത്തു വന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചത്. ടോം ക്രൂസിന്റെ ടോപ് ഗൺ: മാവറിക്കിനെ പിന്തള്ളിയാണ് അവതാർ 2 കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ പണം വാരി ചിത്രമായി മാറിയത്. ഇതോടെ ചിത്രത്തിന് തുടർഭാഗങ്ങളുണ്ടാവുമെന്നും ഉറപ്പിച്ചിരിക്കുകയാണ് കാമറൂൺ.

Story Highlights: Titanic re-releasing after 25 years