“ചിരിക്കാനുള്ളത് ഇതിലുണ്ട്, ഏത്തവാഴയും ഫാൻ ആണെന്നറിഞ്ഞതിൽ സന്തോഷം”; ട്രോൾ പങ്കുവെച്ച് ബാബു ആന്റണി

November 11, 2019

സമൂഹമാധ്യമങ്ങളുടെ പ്രാമുഖ്യം കൊണ്ട് കൂടുതൽ പ്രയോജനമുണ്ടായത് സിനിമ താരങ്ങൾക്കാണ്. പുതുമുഖങ്ങൾക്ക് കൂടുതൽ പ്രചാരവും പഴയ താരങ്ങൾക്ക് സജീവമായി ആരാധകരോട് ഇടപെടാനുള്ള അവസരവും ലഭിയ്ക്കുന്നു. ഇപ്പോൾ ഒരു ട്രോളുകൊണ്ട് വൈറലായിരിക്കുകയാണ് നടൻ ബാബു ആന്റണി. ഏത്തവാഴയിൽ ബാബു ആന്റണിയുടെ രൂപത്തിൽ തെളിഞ്ഞ ചിത്രമാണ് രസകരമായ ഈ ട്രോളിന് ആധാരം.

‘ഏത്തവാഴയിൽ ബാബു ആന്റണിയുടെ രൂപം, എന്ത് ചെയ്യണമെന്നറിയാതെ സിനിമാലോകം’ എന്നായിരുന്നു ട്രോൾ. താരം തന്നെയാണ് ട്രോൾ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചത്. ‘ ചിരിക്കാനുള്ളത് ഇതിലുണ്ട്.. എനിക്കിത് അയച്ചു തന്ന എല്ലാവര്‍ക്കും നന്ദി.. നമുക്കെല്ലാവർക്കും ഹൃദയം തുറന്നു പൊട്ടിച്ചിരിക്കാനുള്ള വക ഈ ട്രോളിലുണ്ട്.. ഏത്തവാഴയും എന്റെ ഫാൻ ആണെന്നറിഞ്ഞതിൽ സന്തോഷം.” എന്നു കുറിച്ചുകൊണ്ട് ബാബു ആന്‍റണി ട്രോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു.

Read more:കൈയിലൊരു പാത്രവുമായി ഒന്നാംക്ലാസിലേക്ക് എത്തിനോട്ടം; ‘വിശപ്പിന്റെ നോട്ടം’ വൈറലായി കുഞ്ഞുമോത്തിക്ക് ഇനി പഠിക്കാം, വിശന്നിരിക്കാതെ…

‘വാഴ അടുത്തുള്ള വാഴകളെ ഇടിച്ചു കൊണ്ടിരിക്കുന്നു’, ‘ഏതോ ഫ്രീക്കൻ വാഴയാണ്’ തുടങ്ങിയ കമന്റുകളാണ് ട്രോളിനു വന്നുകൊണ്ടിരിക്കുന്നത് . അതിനോടൊപ്പം തന്നെ സിനിമയിൽ നിന്നും ഇടക്കിടക്ക് ബാബു ആന്റണിയെടുക്കുന്ന ഇടവേളയെക്കുറിച്ച് പരിഭവവും പറയുന്നുണ്ട് ആരാധകർ. ഒരുപാട് കാലത്തെ ഇടവേളക്ക് ശേഷം ബാബു ആന്റണി അടുത്തിടെയാണ് സിനിമയിൽ വീണ്ടും സജീവമായത്. ‘കായംകുളം കൊച്ചുണ്ണി’യിലാണ് രണ്ടാം വരവിൽ മികച്ചൊരു വേഷം ബാബു ആന്റണി അവതരിപ്പിച്ചത്. ഒമർ ലുലുവിന്റെ ‘പവർ സ്റ്റാര്‍’- ല്‍ നായകനായി എത്താൻ ഒരുങ്ങുകയാണ് താരം. ‘പവർ സ്റ്റാർ’ എന്ന സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം ആദ്യത്തോടെ  ആരംഭിക്കും.