ശകുന്തള ദേവിയായി വിദ്യ ബാലന്‍; പുതിയ ചിത്രം ഒരുങ്ങുന്നു

November 12, 2019

ഇന്ത്യന്‍ ഹ്യൂമന്‍ കമ്പ്യുട്ടര്‍ എന്നറിയപ്പെടുന്ന ശകുന്തള ദേവിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. വിദ്യാ ബാലന്‍ ആണ് ചിത്രത്തില്‍ ശകുന്തള ദേവിയായെത്തുന്നത്. ബംഗാളി നടനായ ജിഷു സെന്‍ഗുപ്തയാണ് ചിത്രത്തില്‍ ശകുന്തള ദേവിയുടെ ഭര്‍ത്താവായെത്തുന്നത്. പരിതോഷ് ബാനര്‍ജി എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്.

ചിത്രത്തിന് വേണ്ടിയുള്ള വിദ്യ ബാലന്റെ മെയ്ക്ക് ഓവറും ചലച്ചിത്രലോകത്ത് ശ്രദ്ധനേടിയിരുന്നു. താരത്തിന്റെ പുതിയ ഹെയര്‍സ്‌റ്റൈലും ലുക്കും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. അനു മേനോനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

Read more:അഭിനയത്തിൽ മാത്രമല്ല പാട്ടിലും കേമനാണ് റാണ ദഗുബാട്ടി; വിശാൽ ചിത്രത്തിൽ റാപ് ഗാനം ആലപിച്ച് താരം

അമാനുഷികമായ കണക്കുകൂട്ടല്‍ വേഗത്തിന്റെ പേരില്‍ പ്രശസ്തയായ ശകുന്തള ദേവി, അഞ്ചാം വയസില്‍ 18 വയസ്സായവര്‍ക്കുവേണ്ടിയുള്ള ഗണിത ശാസ്ത്ര ചോദ്യങ്ങള്‍ തയാറാക്കി നല്‍കിയിരുന്നു. ഗണിതം, ജ്യോതിശാസ്ത്രം സംബന്ധിച്ച നിരവധി പുസ്തകങ്ങളും ശകുന്തള ദേവി എഴുതിയിട്ടുണ്ട്. അതേസമയം ഈ വേഷം ചെയ്യാന്‍ സാധിച്ചതിന്റെ സന്തോഷം വിദ്യാ ബാലന്‍ നേരത്തെ പങ്കുവെച്ചിരുന്നു. 2020ല്‍ ചിത്രം തിയേറ്ററുകളിലെത്തും എന്നാണ് സൂചന.

സോണി പിക്‌ചേഴ്‌സും നെറ്റ്-വര്‍ക്ക് പ്രൊഡക്ഷനും വിക്രം മല്‍ഹോത്രയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. അമിത് സാദ്, സന്യ മല്‍ഹോത്ര തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.