കുഞ്ഞുമകളെ നെഞ്ചോട് ചേര്‍ത്ത് വിനീത് ശ്രീനിവാസന്; മനോഹരം ഈ സ്നേഹചിത്രം
മലയാള ചലച്ചിത്ര താരങ്ങളുടെ അഭിനയവിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും അവരുടെ കുടുംബ വിശേഷങ്ങളും സമൂഹമാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുകയാണ് വിനീത് ശ്രീനിവാസന്റെ മകള്‍ക്കൊപ്പമുള്ള ഒരു മനോഹര ചിത്രം. നടനായും സംവിധായകനായും ഗായകനായും മലയാള സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ് വിനീത് ശ്രീനിവാസന്. പാട്ട്, സംവിധാനം, അഭിനയം തുടങ്ങിയവയിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരം മലയാള സിനിമയിലെ സകലകലാവല്ലഭനാണ്.
മകളെ നെഞ്ചോട് ചേര്‍ത്തുനില്‍ക്കുന്ന വിനീത് ശ്രീനിവാസന്റെ ചിത്രം നടി ലിസി ലക്ഷ്മിയാണ് പങ്കുവെച്ചത്. ചെന്നൈയില്‍ വെച്ചു നടന്ന ‘ഹെലന്’ സിനിമയുടെ സെലിബ്രിറ്റി ഷോയുടെ ഇടവേളയില്‍ ലിസി പകര്‍ത്തിയതാണ് ഈ ചിത്രം. സിനിമയുടെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള വിനീത് നല്ലൊരു അച്ഛനാണെന്നും എല്ലാ അച്ഛന്മാര്ക്കും മാതൃകയാണെന്നും ലിസി ലക്ഷ്മി ചിത്രത്തോടൊപ്പം കുറിച്ചു.
കുടുംബവിശേഷങ്ങള്‍ പലപ്പോഴും വിനീത് ശ്രീനിവാസന് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. മകന് വിഹാന് കൂട്ടായി മകള്‍ പിറന്ന കാര്യവും വിനീത് ശ്രീനിവാസന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. 2012 ലാണ് വിനീത് ശ്രീനിവാസനും ദിവ്യയും വിവാഹിതരായത്.