ഹൃദയത്തിലേക്ക് പെയ്തിറങ്ങി ‘ഛപാക്’-ലെ ഗാനം: വീഡിയോ
ചില പാട്ടുകള്‍ പെയ്തിറങ്ങാറുണ്ട്, ആസ്വാദകരുടെ ഹൃദയങ്ങളിലേക്ക്. ആസ്വാദകമനസ്സുകളില്‍ നേര്‍ത്ത ഒരു മഴ പോലെ പെയ്തിറങ്ങുകയാണ് ‘ഛപാക്’ എന്ന ചിത്രത്തിലെ ഗാനം. ദീപികാ പദുക്കോണ്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ ‘ഛപാക്’. ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗര്‍വാള്‍ എന്ന പെണ്‍കുട്ടിയുടെ ജീവിത കഥയാണ് ചിത്രത്തിന്റെ പ്രമേയം.
ദീപിക പദുക്കോണ്‍ ആണ് ‘ഛപാക്’ എന്ന ചിത്രത്തില്‍ ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയായെത്തുന്നത്. ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്ക്കേ ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടി. ഇപ്പോഴിതാ ചിത്രത്തിലെ ഗാനത്തിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.
ദീപിക പദുക്കോണിന്റെ സിനിമാ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരിക്കും ‘ഛപാക്’ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.’മാല്‍തി’ എന്നാണ് സിനിമയില്‍ ദീപിക പദുക്കോണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ‘എന്നെന്നും എന്നോട് ചേര്‍ന്നു നില്ക്കുന്ന കഥാപാത്രം’ എന്നാണ് മാല്‍തിയെ ദീപിക വിശേഷിപ്പിച്ചത്.
വിക്രാന്ത് മാസ്സിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘റാസി’ എന്ന ചിത്രത്തിനു ശേഷം മേഖ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഛപാക്’. 2020 ജനുവരി 10 മുതല്‍ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
പതിനഞ്ചാം വയസിലാണ് വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ലക്ഷ്മി അഗര്‍വാളിന് നേരെ ആസിഡ് ആക്രമണമുണ്ടായത്. ഇതേ തുടര്‍ന്ന് നിരവധി ശസ്ത്രക്രിയയ്ക്കും ലക്ഷ്മി വിധേയമായി. എന്നാല്‍ പിന്നീടുള്ള ലക്ഷ്മിയുടെ ജീവിതം ആസിഡ് ആക്രമണത്തിന് ഇരയാകുന്നവര്‍ക്കു വേണ്ടിയായിരുന്നു. ആസിഡ് ആക്രമണത്തിനെതിരെ നിരവധി ക്യാംപെയിനുകളും ബോധവല്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട് ലക്ഷ്മി . 2014-ല്‍ യുണൈറ്റഡ് സ്റ്റേറ്റില്‍ നിന്നും രാജ്യാന്തര ധീരവനിതാ പുരസ്കാരവും ലക്ഷ്മിയെ തേടിയെത്തി. ലക്ഷ്മിയുടെ ജീവിതം വെള്ളിത്തിരയിലെത്തുമെന്നു പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് ചലച്ചിത്രലോകം.
ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ ജീവിത കഥ പറഞ്ഞ ‘ഉയരെ’ എന്ന മലയാളസിനിമയും ചലച്ചിത്രലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാര്‍വ്വതിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തിയത്.