2019 കീഴടക്കിയ 5 വില്ലന്മാർ

December 31, 2019

മലയാള സിനിമയെ സംബന്ധിച്ച് 2019 ഒരു ഗംഭീര വർഷം തന്നെ ആയിരുന്നു. ഒട്ടേറെ സംഭവ വികാസങ്ങൾ വർഷത്തിന്റെ അവസാന സമയത്ത് സിനിമ രംഗത്ത് നടന്നു. 192 സിനിമകളാണ് 2019 ൽ മലയാളത്തിൽ റിലീസ് ചെയ്തത്. പക്ഷെ അതിൽ 23 ചിത്രങ്ങൾക്ക് മാത്രമാണ് മുടക്കുമുതൽ തിരിച്ചു പിടിക്കാൻ സാധിച്ചത്.

800 കോടി നിക്ഷേപിച്ച് 550 കോടി നഷ്ടം വരുത്തിയ വർഷം എന്ന് തന്നെ പറയേണ്ടി വരും. പക്ഷെ ഹിറ്റായ ചിത്രങ്ങളിലും അല്ലാതെയും താരമായ ചില വില്ലന്മാരുണ്ട്. വില്ലന്മാരുടെ വർഷമായിരുന്നു 2019 എന്ന് പറയാം. കാരണം നായകന്മാരെക്കാൾ കയ്യടി നേടിയ വില്ലന്മാരുടെ എണ്ണം ഈ വർഷം കൂടുതലായിരുന്നു.

ഷമ്മിയും, ഗോവിന്ദും, ബോബിയും, രവി പത്മനാഭനും വിളയാടിയ കാഴ്ചകളാണ് കണ്ടത്. കൂട്ടത്തിൽ ഏറ്റവും ഹിറ്റായത് ഷമ്മി തന്നെയാണ്.

ഏതു വേഷവും അനായാസേന കൈകാര്യം ചെയ്യുന്ന ആളാണ് ഫഹദ് ഫാസിൽ. നായക വേഷം മാത്രമല്ല, പ്രതിനായക വേഷവും ഗംഭീരമാക്കി കുമ്പളങ്ങി നൈറ്റ്സിലൂടെ ഫഹദ്. ഷമ്മി എന്ന സൈക്കോ കഥാപാത്രം മലയാള സിനിമയിലും പ്രേക്ഷകർക്കിടയിലും വരുത്തിയ സ്വാധീനം ചെറുതല്ല. ഷമ്മിയുടെ വെട്ടിയൊതുക്കിയ മീശയും കൂർമ്മ നോട്ടവുമൊക്കെ ഗംഭീരമായി ഫഹദ് അവതരിപ്പിച്ചു.

ആസിഫ് അലിയെ സംബന്ധിച്ച് ഗംഭീര വർഷമായിരുന്നു 2019. എല്ലാ വേഷവും ശ്രദ്ധിക്കപ്പെട്ടു. എല്ലാ സിനിമയും ഹിറ്റ് ആയി. ഒന്നിനൊന്നു മികച്ച കഥാപാത്രങ്ങളും. ഉയരെ എന്ന സിനിമയിലെ ഗോവിന്ദ് ആണ് ആസിഫ് അലിക്ക് ഏറെ കയ്യടി വാങ്ങി നൽകിയത്. അമിത പൊസ്സസീവ് സ്വഭാവക്കാരനായ കാമുകനായി, കാമുകിയെ ആസിഡ് കൊണ്ട് വിരൂപയാക്കിയ അക്രമകാരിയായ ഗോവിന്ദായി ആസിഫ് അലി മികച്ചു നിന്നു. എന്നും കരിയറിൽ ആസിഫിന് അടയാളപ്പെടുത്താവുന്ന കഥാപാത്രമാണ് ഉയരെയിലെ ഗോവിന്ദ്.

മലയാള സിനിമ ആദ്യമായി 200 കോടി എന്ന സ്വപ്ന നേട്ടം വരിച്ച സിനിമ ആണ് ലൂസിഫർ. പൃഥ്വിരാജ് സംവിധായകനായി അരങ്ങേറിയ സിനിമ. ചിത്രത്തിൽ മോഹൻലാലിനൊപ്പം ശ്രദ്ധിക്കപ്പെട്ടത് വില്ലനായെത്തിയ വിവേക് ഒബ്‌റോയ് ആണ്. ഒരു ചോക്ലേറ്റ് സുന്ദരനായ വിവേക് അനായാസമായി ബോബി എന്ന വില്ലൻവേഷം കൈകാര്യം ചെയ്തു. ശബ്ദത്തിന്റെ ക്രെഡിറ്റ് വിനീതിന് പോകുമെങ്കിലും അഭിനയം ഗംഭീരമെന്നു പറയണം.

ഒരുപക്ഷെ 2019 ൽ ഷമ്മിക്ക് ശേഷം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട വില്ലൻ രവി പത്മനാഭനായിരിക്കും. കാരണം പേര് പോലെ തന്നെ വിനീതനായ വിനീതിനെ ഒരു നെഗറ്റീവ് റോളിൽ കണ്ടപ്പോൾ അത്ര വിജയകരമാകുമോ എന്ന സംശയം പലർക്കുമുണ്ടായിരുന്നു. എന്തായാലും രവി പത്മനാഭൻ തകർത്തടുക്കുകയായിരുന്നു.

ഏറ്റവും ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് പ്രതി പൂവൻകോഴി. ഈ ചിത്രത്തിലൂടെ ഒരു ഗംഭീര വില്ലന്റെ അരങ്ങേറ്റമായിരുന്നു നടന്നത്. സംവിധാന കുപ്പായത്തിൽ മാത്രം കണ്ടിട്ടുള്ള റോഷൻ ആൻഡ്രൂസ് ആന്റപ്പൻ എന്ന പ്രതിനായക വേഷത്തിൽ അഭിനയിച്ച് തകർത്തു. റോഷന്റെ ഉള്ളിൽ ഒരു നടൻ ഉണ്ടെന്നു മഞ്ജു വാര്യർ പറഞ്ഞത് അക്ഷരം പ്രതി ശരിവയ്ക്കുന്ന പ്രകടനമാണ് റോഷൻ കാഴ്ചവെച്ചത്.