മൂന്നാം നിലയിൽ നിന്നും താഴേക്ക് വീണ കുഞ്ഞ്; അത്ഭുതകരം ഈ രക്ഷപെടൽ, വീഡിയോ

December 5, 2019

ഭയവും ധൈര്യവും ഒന്നിച്ചെത്തിയ നിമിഷങ്ങൾ..എന്തുചെയ്യണമെന്നറിയാഞ്ഞിട്ടും എവിടെനിന്നോ കിട്ടിയ ആത്മവിശ്വാസത്തിൽ ഒരു കൂട്ടം നാട്ടുകാർ തിരികെ നൽകിയത് ഒരു കുഞ്ഞു ജീവൻ… മൂന്നാം നിലയിൽ നിന്നും താഴേക്ക് വീണ രണ്ടു വയസുകാരനെ അത്ഭുതമായി രക്ഷിക്കുന്ന നാട്ടുകാരുടെ ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ദമാമിലാണ് സംഭവം അരങ്ങേറിയത്. മൂന്നാം നിലയിൽ നിന്നും താഴേക്ക് വീണ കുഞ്ഞ് രണ്ടാം നിലയുടെ ഗ്രില്ലിൽ തങ്ങിനിൽക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാരാണ് കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്താൻ സഹായിച്ചത്. രണ്ടാം നിലയിലെ ഗ്രില്ലിൽ നിന്നും കുട്ടിയുടെ കൈ വിടുന്നത് കണ്ടതോടെ അവിടെകൂടിയിരുന്ന ആളുകൾ ഒന്നിച്ചുകൂടി താഴേക്ക് വീണ  കുട്ടിയെ കൈയിൽ പിടിക്കുകയായിരുന്നു. വീഴ്ച്ചയുടെ ആഘാതത്തിൽ കുട്ടിയെ പിടിക്കുന്ന ആൾ താഴേക്ക് വീഴുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ കുഞ്ഞിനെ മാറോട് ചേർത്ത് പിടിച്ചിരിക്കുകയാണ് ഇയാൾ. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. കുട്ടിയ്ക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് അധികൃതർ അറിയിച്ചത്.

Read also: പൂച്ചക്കുഞ്ഞിനെ തട്ടികൊണ്ടു പോയ കുരങ്ങൻ; പിന്നീട് നടന്നത് രസകരം- സ്നേഹം നിറഞ്ഞ വീഡിയോ

എന്തായാലും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം നിരവധി ആളുകളാണ് കണ്ടത്. കുട്ടിയെ രക്ഷിച്ച നാട്ടുകാർക്ക്  അഭിനന്ദനവുമായി നിരവധിപ്പേരാണ് എത്തുന്നത്. ദൈവത്തിന്റെ കരങ്ങളാണ് കുട്ടിയെ രക്ഷിച്ചതെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്.