പൃഥ്വിയെ നേരിടാൻ സുരാജ്; ശ്രദ്ധനേടി ഡ്രൈവിങ് ലൈസൻസ് ട്രെയ്‌ലർ

December 13, 2019

പൃഥ്വിരാജിനെ നായകനാക്കി ലാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. പൃഥ്വിരാജിനൊപ്പം സുരാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഏറെ ആകാംഷ നിറച്ചാണ് ചിത്രത്തിന്റെ ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്.

ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സച്ചിയാണ്. പൃഥ്വിരാജ് സിനിമ താരമായി എത്തുന്ന ചിത്രത്തിൽ പോലീസ് ഓഫീസറായാണ് സുരാജ് എത്തുന്നത്. ആഡംബര കാറുകളോട് അതിയായ പ്രിയമുള്ള ഒരു സൂപ്പര്‍ സ്റ്റാറായാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തുക എന്നാണ് സൂചന. മിയ ജോർജ്, ദീപ്തി സതി, സലിം കുമാർ, സുരേഷ് കൃഷ്ണ, സൈജു കുറുപ്പ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനൊപ്പം മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ സഹ നിര്‍മാതാവാണ്. അലക്‌സ് ജെ പുളിക്കലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. രതീഷ് രാജാണ് എഡിറ്റര്‍.

ചിത്രത്തിൻറേതായി നേരത്തെ പുറത്തുവന്ന ഗാനങ്ങളും, ടീസറും പോസ്റ്ററുമെല്ലാം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. സിനിമയ്ക്കുവേണ്ടിയുള്ള പൃഥ്വിരാജിന്റെ ലുക്കും ആരാധകര്‍ക്കിടയില്‍ ശ്രദ്ധ ആകർഷിച്ചിരുന്നു. ചിത്രം ക്രിസ്‍മസിന് തിയേറ്ററുകളിൽ എത്തും.

Read also: തണുത്ത വെള്ളം സ്ഥിരമായി കുടിയ്ക്കുന്നവർ അറിയാൻ…

പൃഥ്വിരാജ് നിര്‍മാതാവും നായകനുമാകുന്ന രണ്ടാമത്തെ ചിത്രം എന്ന പ്രത്യേകതയുമുണ്ട് ‘ഡ്രൈവിങ് ലൈസന്‍സി’ന്. ‘നയണ്‍ (9)’ ആയിരുന്നു താരം നിര്‍മാതാവും നായകനുമായെത്തിയ ആദ്യ ചിത്രം.