പൃഥ്വിരാജ് പത്മരാജന്റെ വേഷത്തിലെത്തിയാൽ- തരംഗമായി ഹരീഷ് പേരാടിയുടെ പോസ്റ്റ്

December 27, 2019

മലയാള സിനിമയുടെ ഗന്ധർവ്വ സംവിധായകനായിരുന്നു പത്മരാജൻ. കാലഭേദമില്ലാതെ എല്ലാ തലമുറയിലും സ്വാധീനം ചെലുത്താൻ പത്മരാജന് സാധിച്ചു. മലയാള സിനിമയെ പത്മരാജന് മുൻപും പിൻപും എന്ന് പോലും വേർതിരിക്കാൻ സാധിക്കുന്നതാണ്. ആ വൈവിധ്യമാണ് അദ്ദേഹത്തെ ഇന്നും മലയാള സിനിമ നെഞ്ചോട് ചേർത്ത് പിടിക്കുന്നതിനു പിന്നിൽ.

ഇപ്പോൾ പത്മരാജന്റെ ജീവിതം വെള്ളിത്തിരയിലെത്തിയാൽ അത് അവതരിപ്പിക്കാൻ ഏറ്റവും അനുയോജ്യൻ ആരെന്നു പറയുകയാണ് നടൻ ഹരീഷ് പേരാടി.

ഹരീഷ് പേരാടിയുടെ കുറിപ്പ്;

പത്മരാജൻ സാറുമായുള്ള പൃഥ്വിരാജിന്റെ ഈ മുഖഛായയാണ് ഈ എഴുത്തിന്റെ കാരണം..മകൻ അനന്തപത്മനാഭൻ മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച ” മകൻ എഴുതിയ പത്മരാജൻ” എന്ന ഓർമ്മ കുറിപ്പുകൾക്ക് അനന്തൻ സുഹൃത്തായ മുരളിഗോപിയെയും കൂടെ കൂട്ടി ഒരു തിരക്കഥക്ക് രൂപം നൽകിയാൽ അത് മലയാളത്തിന്റെ പ്രിയപ്പെട്ട പത്മരാജനെ എല്ലാ തലമുറക്കും ഓർക്കാനുള്ള ഒരു നല്ല സിനിമയായിരിക്കും എന്ന് തോന്നുന്നു…പൃഥിയുടെ അഭിനയ ജീവിതത്തിലെ സുവർണ്ണ ലിപികളിൽ എഴുതപ്പെട്ട ഒരു അദ്ധ്യായവുമായിരിക്കുമത്..മലയാളത്തിന്റെ ഒരു ക്ലാസ്സിക്ക് സിനിമയും..

Read More:ചിരിവിരുന്നുമായി ‘ധമാക്ക’ ട്രെയ്‌ലര്‍

ആടുജീവിതത്തിനായി താടി നീട്ടിയ ലുക്കിലാണ് പൃഥ്വിരാജ്. അതിനാൽ തന്നെ പത്മരാജനുമായി നല്ല സാമ്യം ചിത്രങ്ങളിൽ തോന്നുന്നുമുണ്ട്. എന്നാൽ പത്മരാജനുമായി ഏറെ മാനസിക അടുപ്പമുണ്ടായിരുന്ന മോഹൻലാലിനെയാണ് പലരും ഈ വേഷത്തിലേക്ക് നിർദ്ദേശിക്കുന്നത്. ജയറാമിന്റെ പേര് പറയുന്നവരും കുറവല്ല. എന്തായാലും മലയാളികളെ അത്ഭുതപ്പെടുത്തിയ പത്മരാജന്റെ ജീവിതം വെള്ളിത്തിരയിൽ എത്തുമോ എന്നും എത്തിയാൽ ആരാണാ വേഷത്തിലെത്തുന്നതെന്നും കാത്തിരുന്നു കാണാം.