ജോജു ജോര്‍ജ് നായകനായി ‘ഇന്‍ഷാ അള്ളാഹ്‌’

December 26, 2019

വെള്ളിത്തിരയില്‍ വ്യത്യസ്ത കഥാപാത്രങ്ങളെ അവിസ്മരണീയമാക്കുന്ന ജോജു ജോര്‍ജ് നായകനായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ‘ഇന്‍ഷാ അള്ളാ’ എന്നാണ് ചിത്രത്തിന്റെ പേര്. അഹമ്മദ് കബീറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ‘ജൂണ്‍’ എന്ന സിനിമയ്ക്ക് ശേഷം അഹമ്മദ് കബീര്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ഇന്‍ഷാ അള്ളാ. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും പുറത്തെത്തി.

‘ജോസഫ്’, ‘പൊറിഞ്ചുമറിയംജോസ്’, ‘ചോല’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജോജു ജോര്‍ജ് നായകനായെത്തുന്നു എന്ന പ്രത്യേകതയുമുണ്ട് ‘ഇന്‍ഷാ അള്ളാഹ്’ എന്ന ചിത്രത്തിന്. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോജു ജോര്‍ജും സിജോ വടക്കനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്.

‘ഇന്‍ഷാ അള്ളാ’ എന്ന ചിത്രം കോ പ്രൊഡ്യൂസ് ചെയ്യുന്നത് ബാദുഷ എന്‍ എം, സുരാജ് പി എസ് എന്നിവര്‍ ചേര്‍ന്നാണ്. അബ്ബാ ജോജു ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ആഷിക് ഐമര്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ജിതിന്‍ സ്റ്റാനിസ്ലാസ് ആണ്. മഹേഷ് ഭുവനേന്ദ് ചിത്രസംയോജനം നിര്‍വഹിക്കുന്നു. അതേസമയം ചിത്രത്തിന്റെ കാസ്റ്റിംഗ് പുരോഗമിക്കുകയാണ്.