മമ്മൂട്ടിക്കൊപ്പം രജനീകാന്ത്; പഴയചിത്രം പങ്കുവെച്ച് സംവിധായകന്‍ എ ആര്‍ മുരുഗദോസ്‌

December 30, 2019

വെള്ളിത്തിരയില്‍ മാത്രമല്ല ചലച്ചിത്രരംഗത്തുള്ളവരില്‍ അധികവും സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇവര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്ന കുറിപ്പുകളും ചിത്രങ്ങളുമെല്ലാം പലപ്പോഴും പല തരത്തിലുള്ള ചര്‍ച്ചകളിലും ഇടം നേടുന്നു. ഇപ്പോഴിതാ തമിഴ് സംവിധായകന്‍ എ ആര്‍ മുരുഗദോസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ചില ചലച്ചിത്ര സംവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.

മമ്മൂട്ടിയും രജനികാന്തും ഒരുമിച്ചുള്ള ചിത്രമാണ് മുരുഗദോസ് പങ്കുവെച്ചിരിക്കുന്നത്. ‘ദളപതി’ എന്ന സിനിമയിലെ ഒരു ചിത്രമാണ് ഇത്. മണിരത്‌നം സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ‘ദളപതി’. 1991-ല്‍ തിയേറ്ററുകളിലെത്തിയ ചിത്രത്തില്‍ മമ്മൂട്ടിയും രജനികാന്തുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

എന്നാല്‍ ഇരുവരും ഒരുമിച്ചുള്ള ഈ ചിത്രം സംവിധായകന്‍ എ ആര്‍ മുരുഗദോസ് ഇപ്പോള്‍ പങ്കുവയ്ക്കാനിടയായ സാഹചര്യത്തെക്കുറിച്ചാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച പുരോഗമിക്കുന്നത്. രജനികാന്തിനെ നായകനാക്കി എ ആര്‍ മുരുഗദോസ് സംവിധാനം നിര്‍വഹിക്കുന്ന ‘ദര്‍ബാര്‍’ എന്ന ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തുന്നുണ്ടാകും എന്നാണ് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്.

Read more: കണ്ണു നിറയാതെ കണ്ടിരിക്കാനാവില്ല ഈ സ്‌നേഹം; പ്രേക്ഷകമനം തൊട്ട് ലച്ചുവിന്റെ കല്യാണ വീഡിയോ

എന്നാല്‍ മറ്റു ചിലരാകട്ടെ രജനികാന്തിനെയും മമ്മൂട്ടിയെയും പ്രധാന കഥാപാത്രങ്ങളാക്കി പുതിയൊരു ചിത്രം എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യും എന്നും അഭിപ്രായപ്പെടുന്നു. സമൂഹ്യമാധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍ പെരുകുമ്പോഴും സംവിധായകന്റെ ഈ പോസ്റ്റിന് പിന്നിലെ പൊരുള്‍ തേടുകയാണ് സൈബര്‍ലോകം.

അതേസമയം രജനികാന്ത് നായകനായെത്തുന്ന ‘ദര്‍ബാര്‍’ റിലീസിങ്ങിനൊരുങ്ങുകയാണ്. ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് രജനികാന്ത് എത്തുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക. സന്തോഷ് ശിവനാണ് ‘ദര്‍ബാര്‍’ എന്ന സിനിമയുടെ സിനിമാറ്റോഗ്രഫി നിര്‍വഹിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം രജനീകാന്തിനായി സന്തോഷ് ശിവന്‍ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം.