മുടക്കുമുതലിനേക്കാൾ വലിയ തുക നേടി ചൈനീസ് റിലീസിന് തയ്യാറെടുത്ത് ‘മാമാങ്കം’
മലയാള സിനിമയിലെ ഒരു ഗംഭീര ദൃശ്യ വിസ്മയമായിരിക്കുകയാണ് ‘മാമാങ്കം’. ചാവേർപടയുടെ കഥ പറഞ്ഞ ചിത്രം തിയേറ്ററുകളിൽ നിറഞ്ഞ പ്രദർശനം തുടരുകയാണ്. മമ്മൂട്ടി ഏറെ നാളുകൾക്ക് ശേഷം ചരിത്ര പുരുഷനായി എത്തിയ ചിത്രം കൂടിയാണ് ‘മാമാങ്കം’.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം തയ്യാറായത്. നാല് ഭാഷകൾക്ക് പുറമെ ഇനി ചൈനീസിലേക്കും ‘മാമാങ്കം’ ചേക്കേറുകയാണെന്നാണ് അണിയറപ്രവർത്തകർ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.
എം പദ്മകുമാറിന്റെ സംവിധാനത്തിൽ കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചൈനയിൽ നിന്നുള്ള പന്ത്രണ്ടംഗ സംഘം ‘മാമാങ്കം’ കണ്ടുവെന്നും അവർക്ക് ചിത്രം വളരെ ഇഷ്ടമായെന്നുമാണ് വാർത്ത സമ്മേളനത്തിൽ പദ്മകുമാറും വേണു കുന്നപ്പിള്ളിയും വ്യക്തമാക്കിയത്.
‘മാമാങ്ക’ത്തിന്റെ മുടക്ക് മുതലിനേക്കാൾ വലിയ തുകയാണ് ചൈനീസ് റൈറ്റിനായി അവർ വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കി. 45 രാജ്യങ്ങളിലായി 2000-ത്തിനു മുകളില്‍ സ്ക്രീനുകളിലാണ് ‘മാമാങ്കം’ റിലീസ് ചെയ്തത്. നാല് ഭാഷകളിലായാണ് ചിത്രം ഒരേ ദിവസം റിലീസ് ചെയ്തത്.
Read More:നാല് ദിവസംകൊണ്ട് 60 കോടി നേടി ‘മാമാങ്കം’
പ്രദര്‍ശനത്തിനെത്തിയ ആദ്യംദിനം തന്നെ ‘മാമാങ്കം’ ആഗോളതലത്തില്‍ 23 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിരുന്നു. ചിത്രത്തിന്റെ നിര്‍മാതാവായ വേണു കുന്നപ്പിള്ളി ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.