ഓര്‍മ്മ ശക്തി മെച്ചപ്പെടുത്താന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
അയ്യോ അത് ഞാന്‍ മറന്നുപോയി എന്ന് ജീവിതത്തില്‍ ഒരിക്കലെങ്കിലും പറയാത്തവരുടെ എണ്ണം കുറവാണ്. എത്ര ശ്രദ്ധിച്ചാലും ചില കാര്യങ്ങള്‍ നാം മറന്നുപോകാറുണ്ട്. ഓരോരുത്തരുടെയും ഓര്‍മ്മ ശക്തി വ്യത്യസ്ത തരത്തിലാണ്. ചിലര്‍ക്ക് നല്ല ഓര്‍മ്മ ശക്തി കാണും. മറ്റ് ചിലര്‍ക്കാകട്ടെ ഓര്‍മ്മശക്തി തീരെ കുറവായിരിക്കും. ഭക്ഷണ ശീലങ്ങള്‍ മുതല്‍ ജനിതക മാറ്റങ്ങള്‍ വരെ ഇത്തരത്തില്‍ ഓര്‍മ്മ ശക്തിയെ സ്വാധീനിക്കുന്നു.
ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ ഓര്‍മ്മശക്തിയെ മെച്ചപ്പെടുത്താന്‍ നമുക്ക് സാധിക്കും. ഉറക്കത്തിനും ഓര്‍മ്മശക്തിക്കും തമ്മില്‍ ബന്ധമുണ്ട്. ദിവസേന നന്നായി ഉറങ്ങാന്‍ സാധിച്ചാല്‍ ഓര്‍മ്മശക്തി മെച്ചപ്പെടുത്താന്‍ സാധിക്കും. ദിവസവും കുറഞ്ഞത് എട്ട് മണിക്കൂര്‍ സുഗമമായി ഉറങ്ങാന്‍ സാധിച്ചാല്‍ ഓര്‍മ്മ ശക്തിയെയും മെച്ചപ്പെടുത്താം.
ഉറക്കം പോലെതന്നെ ഓര്‍മ്മശക്തിയെ മെച്ചപ്പെടുത്താന്‍ പ്രധാനമായ മറ്റൊന്നാണ് വ്യായാമം. ദിവസേന വ്യായമം ചെയ്യുമ്പോള്‍ ശരീരത്തിനും മനസ്സിനും ആവശ്യമായ ഊര്‍ജ്ജം ലഭിക്കും. ദിവസവും 30 മുതല്‍ 40 മിനിറ്റ് വരെ വ്യായാമം ശീലമാക്കുന്നതാണ് ആരോഗ്യകരം. ഇതിനു പുറമെ ഏതെങ്കിലും ഒരു കാര്യം ചെയ്യുമ്പോള്‍ മുഴുവന്‍ ശ്രദ്ധയും ആ കാര്യത്തില്‍ തന്നെ ആയിരിക്കണം. ശ്രദ്ധ കേന്ദ്രീകരിച്ച് കാര്യങ്ങള്‍ ചെയ്യുമ്പോള്‍ കോണ്‍സന്‍ട്രേഷന്‍ വര്‍ധിപ്പിക്കാന്‍ സാധിക്കും. ഒപ്പം ഓര്‍മ്മശക്തിയും മെച്ചപ്പെടുത്താം.
ഓര്‍മ്മശക്തിയെ മെച്ചപ്പെടുത്താന്‍ വായനയും സഹായിക്കുന്നു. ഓര്‍മ്മശക്തി മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ ദിവസവും പത്രവായന ശീലമാക്കാന്‍ ശ്രമിക്കുക. പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ക്കു, മുമ്പു വന്നിട്ടുള്ള വാര്‍ത്തകളുമായുള്ള ബന്ധത്തെ ഓര്‍ത്തെടുക്കാന്‍ പത്രം വായന സഹായിക്കും. പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ വായിക്കുന്ന ഭാഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുക. നല്ല വായനാശീലമുള്ളവര്‍ക്ക് നല്ല ഓര്‍മ്മശക്തിയും ഉണ്ടാകും.
അമിതമായി ടെന്‍ഷന്‍ ഉള്ളവര്‍ക്കും കാര്യങ്ങളെ അത്ര വേഗം ഓര്‍ത്തെടുക്കാന്‍ കഴിയില്ല. മാനസിക സമ്മര്‍ദ്ദം അമിതമാകുമ്പോള്‍ മസ്തിഷ്കത്തിലെ കോശങ്ങള്‍ക്ക് നാശം സംഭവിക്കുന്നു. ടെന്‍ഷന്‍ കുറയ്ക്കുന്നതിനായി യോഗ, ധ്യാനം എന്നിവ ശീലമാക്കുന്നതും നല്ലതാണ്. ഇക്കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ ഓര്‍മ്മശക്തി മെച്ചപ്പെടുത്താന്‍ സാധിക്കും.