‘മാമാങ്കം മലയാളത്തിന്റെ ഉത്സവമായി തീരാൻ എല്ലാവിധ ആശംസകളും നേരുന്നു’- മോഹൻലാൽ
ആരാധകർ ഒന്നടങ്കം കാത്തിരുന്ന ‘മാമാങ്കം’ തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ഡിസംബർ പന്ത്രണ്ടിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, അനു സിത്താര, കനിഹ, മാസ്റ്റർ അച്യുതൻ തുടങ്ങിയവരാണ് അണിനിരക്കുന്നത്.
ഇപ്പോൾ ‘മാമാങ്ക’ത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ. മോഹൻലാലും മമ്മൂട്ടിയും തമ്മിൽ താരപ്പകിട്ടിനപ്പുറം കാത്തുസൂക്ഷിക്കുന്ന സൗഹൃദം പല അവസരങ്ങളിലും ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്. മുൻപ് മോഹൻലാൽ നായകനായ ‘ലൂസിഫർ’ എന്ന ചിത്രത്തിന് മമ്മൂട്ടിയും ആശംസകൾ അറിയിച്ചിരുന്നു. ‘മാമാങ്ക’ത്തിന് കുറിച്ച് മോഹൻലാൽ കുറിച്ചിരിക്കുന്നത് ഇങ്ങനെ;
‘ലോകരാജ്യങ്ങൾ നമ്മുടെ കേരളത്തിലേക്കൊഴുകിയെത്തിയ ഒരു മാമാങ്കകാലമുണ്ടായിരുന്നു, പറഞ്ഞും പറയാതെയും നിറം മങ്ങിപ്പോയ പഴമയിലേക്ക് വെളിച്ചം വീശുന്ന ഒരു ദേശത്തിൻ്റെ വീരചരിത്രകഥകൾ വെള്ളിത്തിരയിലെത്തുകയാണ് ഡിസംബർ 12ന്.. മാമാങ്കം മലയാളത്തിൻ്റെ ഉത്സവമായിത്തീരാൻ എല്ലാവിധ ആശംസകളും നേരുന്നു..’
മലയാളത്തിനു പുറമെ ഹിന്ദിയിലും തമിഴിലും തെലുങ്കിലും ‘മാമാങ്കം’ മൊഴിമാറ്റുന്നുണ്ട്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘മാമാങ്കം’. വള്ളുവനാടിന്റെ ചരിത്രമാണ് ‘മാമാങ്കം’ എന്ന സിനിമയുടെ മുഖ്യ പ്രമേയം. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് അരങ്ങേറുന്ന മാമാങ്കത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിരവധി താരനിരകള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. എം ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘മാമാങ്കം’.