ഹൃദയംതൊട്ട് ‘മൈ സാന്റ’യിലെ വീഡിയോ ഗാനം

December 14, 2019

ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മൈ സാന്റ’. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ‘വെള്ളിപ്പഞ്ഞി കോട്ടിട്ട്…’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടെതാണ് ഗാനത്തിലെ വരികള്‍. വിദ്യാസാഗര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ഹന്ന റെജി ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹൃദ്യമായ ആലാപനം ഗാനത്തെ കൂടതല്‍ ആകര്‍ഷണീയമാക്കുന്നു. ദൃശ്യഭംഗിയിലും ഗാനം ഏറെ മികച്ചു നില്‍ക്കുന്നു.

അടുത്തിടെയാണ് ‘മൈ സാന്റ’യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്. മികച്ച സ്വീകാര്യത ലഭിച്ചിരുന്നു ചിത്രത്തിന്റെ ട്രെയ്‌ലറിനും. സാന്താക്‌ളോസും ഒരു കുട്ടിയും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘മൈ സാന്റ’. കുട്ടികള്‍ക്കും കുടുംബത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Read more: “പടം സൂപ്പര്‍ ആയിരുന്നു മോനേ, അല്ല മോന്‍ ഏതാ ഈ പടത്തില്‍…”; ആരാധകന്റെ ചോദ്യത്തിന് രസികന്‍ മറുപടിയുമായി ഉണ്ണി മുകുന്ദന്‍

അനുശ്രീയാണ് ചിത്രത്തിലെ നായിക. സണ്ണി വെയ്ന്‍, കലാഭവന്‍ ഷാജോണ്‍, സിദ്ധിഖ്, ഇന്ദ്രന്‍സ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സായ്കുമാര്‍, ശശാങ്കന്‍, ധീരജ് രത്‌നം, മഞ്ജു പത്രോസ്, ബേബി മാനസ്വി തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. അതേസമയം ചിത്രത്തിന് വേണ്ടിയുള്ള ദിലീപിന്റെ മേക്ക് ഓവര്‍ സമൂഹ മാധ്യമങ്ങളില്‍ നേരത്തെ ശ്രദ്ധേയമായിരുന്നു.

ജെമിനി സിറിയക്ക് ആണ് ചിത്രത്തിന് തിരക്കഥ തയാറാക്കുന്നത്. വാള്‍ പോസ്റ്റര്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ നിഷാദ് കോയ, അജീഷ് ഒ കെ, സരിത സുഗീത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ക്രിസ്മസ് റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തും.