മലയാളത്തിലും തമിഴിലും ഇഷ്ടപ്പെട്ട 2 നായികമാരെ കുറിച്ച് നിവിൻ പോളി

December 19, 2019

സിനിമ പാരമ്പര്യമൊന്നുമില്ലാതെ കടന്നു വന്ന് മലയാള സിനിമയിൽ യുവനടന്മാരിൽ മുൻനിരയിലിടം നേടിയ നടനാണ് നിവിൻ പോളി. ഒട്ടേറെ വൈവിധ്യമാർന്ന കഥാപാത്രങ്ങൾ ഇതിനോടകം നിവിൻ വെള്ളിത്തിരയിൽ അവിസ്മരണീയമാക്കി. ഏറ്റവും ഒടുവിലായി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘മൂത്തോൻ’ എന്ന ചിത്രത്തിലെ പ്രകടനം വലിയ അംഗീകാരങ്ങളാണ് നിവിന് നേടി കൊടുത്തത്.

മൂത്തോനിലെ അഭിനയത്തിന് ബിഹൈൻഡ്‌വുഡ്സ് വേദിയിൽ പുരസ്കാരം ഏറ്റുവാങ്ങിയപ്പോൾ വലിയ സന്തോഷത്തിലായിരുന്നു നിവിൻ പോളി. ആരാധാകർക്കായി ‘ലൗ ആക്ഷൻ ഡ്രാമ’യിലെ കുടുക്ക് പൊട്ടിയ കുപ്പായം എന്ന ഗാനത്തിന് ചുവടുവെച്ചു. അതിനൊപ്പം മലയാള സിനിമയിലെയും തമിഴകത്തേയും പ്രിയപ്പെട്ട നടിമാർ ആരെന്നും നിവിൻ വ്യക്തമാക്കി.

മലയാള സിനിമയിൽ നിവിൻ പോളിയുടെ പ്രിയ നടി മഞ്ജു വാര്യർ ആണ്. ഇരുവരും ഇതുവരെ ഒന്നിച്ചഭിനയിച്ചിട്ടില്ലെങ്കിലും മഞ്ജു വാര്യരോട് തനിക്ക് വലിയ ആരാധനയാണെന്നു വ്യക്തമാക്കുകയാണ് നിവിൻ പോളി. തമിഴകത്തെ പ്രിയ നടി തൃഷയാണെന്നും നിവിൻ പറയുന്നു.

‘ഹേയ് ജൂഡ്’ എന്ന സിനിമയിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ ആദ്യമായി തൃഷ അഭിനയിച്ചത് നിവിൻ പോളിക്കൊപ്പം ‘ഹേയ് ജൂഡിൽ’ ആയിരുന്നു.

Read More:ഫോബ്‌സ് ഇന്ത്യയുടെ 100 ടോപ് സെലിബ്രിറ്റി ലിസ്റ്റിൽ 27-ാം സ്ഥാനത്ത് മോഹൻലാൽ; പിന്നാലെ മമ്മൂട്ടി

അതിനൊപ്പം തന്നെ കൗതുകം നിറഞ്ഞൊരു ചോദ്യവും ആ വേദിയിൽ നിവിൻ പോളിയോട് അവതാരകർ ചോദിച്ചു. നയൻ‌താര, തൃഷ, നസ്രിയ, സായ് പല്ലവി എന്നിങ്ങനെ നീളുന്നു നിവിന്റെ നായികമാരുടെ നിര. ഇവരിലാരാണ് ഏറ്റവും സൗമ്യമായി സംസാരിക്കുന്നത് എന്നായിരുന്നു ചോദ്യം. ഒട്ടും വൈകാതെ മറുപടിയുമെത്തി, സായി പല്ലവി. ചെറുചിരിയോടെ സായ് പല്ലവി സദസ്സിൽ ഇരിപ്പുണ്ടായിരുന്നു.

ഏറ്റവുമധികം സമ്മാനങ്ങൾ നൽകിയ നായിക ആരെന്നും നിവിനോട് ചോദ്യമുയർന്നു. അതിന്റെ മറുപടി നസ്രിയ എന്നായിരുന്നു. ഒപ്പം അഭിനയിച്ചവരോടെല്ലാം സൗഹൃദം കാത്ത് സൂക്ഷിക്കുന്നയാളാണ് നിവിൻ പോളി. അതിനാൽ തന്നെ ആ കെമിസ്ട്രി സ്ക്രീനിലും കാണാൻ സാധിക്കാറുമുണ്ട്.