‘ഞാന്‍ ജാക്‌സനല്ലെടാ…’ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചുവടുവെച്ച് സൗബിന്‍: വീഡിയോ

December 21, 2019

വെള്ളിത്തിരയില്‍ അഭിനയ വിസ്മയങ്ങള്‍ തീര്‍ക്കുന്ന ചലച്ചിത്ര താരങ്ങളുടെ സാമൂഹിക ഇടപെടലുകളും പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ താരമായിരിക്കുകയാണ് സൗബിന്‍ ഷാഹിര്‍. കോളജ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നൃത്തം ചെയ്താണ് താരം കൈയടി നേടുന്നത്. എറണാകുളം സെന്റ് തെരേസാസ് കോളജിലെ ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരം. ഇതിനിടെയാണ് അമ്പിളി എന്ന ചിത്രത്തിലെ ‘ഞാന്‍ ജാക്‌സനല്ലെടാ… ന്യൂട്ടനല്ലെടാ…’ എന്ന ഗാനത്തിന് സൗബിന്‍ വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം നൃത്തം ചെയ്തത്.

സൗബിന്‍ സാഹിര്‍ പ്രധാന കഥാപാത്രമായെത്തിയ ചിത്രമാണ് ‘അമ്പിളി’. ചിത്രത്തിലെ ‘ഞാന്‍ ജാക്‌സനല്ലെടാ… ന്യൂട്ടനല്ലെടാ…’ എന്ന ഗാനം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. വിനായക് ശശികുമാറിന്റേതാണ് ഗാനത്തിലെ വരികള്‍. വിഷ്ണു വിജയ് സംഗീതം പകര്‍ന്നിരിക്കുന്നു. ആന്റണി ദാസനാണ് ആലാപനം. അമ്പിളി എന്ന ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടിയത്. ചിത്രത്തിലെ സൗബിന്‍ സാഹിറിന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജോണ്‍പോള്‍ ജോര്‍ജ്ജാണ് അമ്പിളിയുടെ സംവിധാനം നിര്‍വഹിച്ചത്.

സംവിധാന സഹായി ആയിട്ടായിരുന്നു മലയാള ചലച്ചിത്ര രംഗത്തേക്കുള്ള സൗബിന്റെ അരങ്ങേറ്റം. പിന്നീട് സഹനടനായി നിരവധി സിനിമകളില്‍ താരം തിളങ്ങി. സുഡാനി ഫ്രം നൈജീരിയ ആണ് സൗബിന്‍ നായക കഥാപാത്രമായെത്തിയ ആദ്യ ചിത്രം. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന പുരസ്‌കാരവും സൗബിനെ തേടിയെത്തി.

അന്നയും റസൂലും, കടല്‍ കടന്നൊരു മാത്തുക്കുട്ടി, ചന്ദ്രേട്ടന്‍ എവിടെയാ, പ്രേമം, റാണി പത്മിനി, ലോഹം, കലി, ഡാര്‍വിന്റെ പരിണാമം, അനുരാഗ കരിക്കിന്‍വെള്ളം, പറവ, സോളോ, കമ്മട്ടിപ്പാടം, ഹാപ്പി വെഡ്ഡിംഗ്, കുമ്പളങ്ങി നൈറ്റ്‌സ്, വികൃതി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ തുടങ്ങി നിരവധി സിനിമകളില്‍ സൗബിന്‍ വ്യത്യസ്ത കഥാപാത്രങ്ങള്‍ക്കൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയനായി. അതേസമയം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ പറവ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചതും സൗബിന്‍ സാഹിര്‍ ആയിരന്നു.