ഞെട്ടിക്കുന്ന ലുക്കിൽ ഫഹദ്; വൈറലായി മാലിക്ക് ലൊക്കേഷൻ ചിത്രങ്ങൾ

January 7, 2020

സിനിമാലോകത്ത് പകരം വയ്ക്കാനില്ലാത്ത താരമാണ് ഫഹദ് ഫാസിൽ. ഏറ്റെടുക്കുന്ന ഓരോ കഥാപാത്രങ്ങളെയും അതിന്റെ പൂർണതയിൽ എത്തിക്കാൻ എത്ര കഷ്ടപെടാനും തയാറാകുന്ന താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇപ്പോഴിതാ ചിത്രത്തിന് വേണ്ടിയുള്ള ഫഹദിന്റെ ലുക്കാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ചിത്രത്തിന് വേണ്ടി 20 കിലോ ഭാരമാണ് താരം കുറച്ചിരിക്കുന്നത്.

ഫഹദ് ഫാസിൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാലിക്. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘ടേക്ക് ഓഫ്’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ മഹേഷ് നാരായണന്‍ ഒരുക്കുന്ന ചിത്രമാണ് ‘മാലിക്’.

പാര്‍വതിയും ഫഹദ് ഫാസിലും ഒന്നിച്ച ചിത്രമായിരുന്നു ടേക്ക് ഓഫ്. ചിത്രത്തിലെ അഭിനയത്തിന് പർവതിയെത്തേടി നിരവധി പുരസ്‌കാരങ്ങളും എത്തിയിരുന്നു. ഫഹദ് ഫാസിലും മഹേഷ് നാരായണനും വീണ്ടും ഒന്നിക്കുന്നതോടെ മികച്ച ചിത്രമായിരിക്കും വെള്ളിത്തിരയില്‍ ഒരുങ്ങുക എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

അതേസമയം 25 കോടി മുതൽമുടക്കിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ വലിയ താരനിരതന്നെ അണിനിരക്കുന്നുണ്ട്. ബിജു മേനോൻ, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, ആപ്പാനി ശരത്, നിമിഷ സജയൻ എന്നിവരും ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.

അതേസമയം ഫഹദ് ഫാസിലിന്റേതായി വെള്ളിത്തിരയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രമാണ് ട്രാൻസ്. രണ്ടുവർഷത്തിലധികമായി അനൗൺസ് ചെയ്ത സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. അൻവർ റഷീദ് സംവിധാനം നിർവഹിക്കുന്ന ഫഹദ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സംവിധായകനായ അമൽ നീരദാണ്.

അധികം കൊട്ടിഘോഷങ്ങളില്ലാതെ  എത്തി പ്രേക്ഷക ഹൃദയം കീഴടക്കി പോകുന്ന പതിവാണ് ഫഹദ് ചിത്രങ്ങൾക്കുള്ളത്. അതുപോലെ തന്നെ  ഈ ചിത്രവും കാണികളുടെ കൈയടി നേടുമെന്ന പ്രതീക്ഷയിലാണ് സിനിമ ലോകം.