സ്നേഹം നിറച്ച് അനുഗ്രഹീതൻ ആന്റണിയിലെ ഗാനം

January 9, 2020

ചിത്രത്തിന്റെ പേര് റിലീസ് ചെയ്‌തത്‌ മുതൽ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് സണ്ണി വെയ്ൻ നായകനാകുന്ന ചിത്രമാണ് ‘അനുഗ്രഹീതൻ ആന്റണി’. 96 എന്ന സൂപ്പർഹിറ്റ് തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയായ ഗൗരി ജി കിഷൻ ആണ് നായിക.

ഇപ്പോഴിതാ ചിത്രത്തിലെ മനോഹരമായൊരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മനു മഞ്ജിത്തിന്റെ വരികൾക്ക് അരുൺ മുരളീധരൻ സംഗീതം നൽകി. അനന്യ ദിനേശും കൗശിക് മേനോനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രിൻസ് ജോയ് ആണ് സംവിധാനം.

ആന്റണിയും നായയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ കൂടിയാണ് അനുഗ്രഹീതൻ ആന്റണി. ലക്ഷ്യ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ എം ഷിജിത്താണ് ചിത്രം നിർമിക്കുന്നത്.

സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, മണികണ്ഠന്‍, ബൈജു സന്തോഷ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിച്ച ‘സെക്കന്‍ഡ് ഷോ’ എന്ന ചിത്രത്തിലൂടെയാണ് സണ്ണി വെയ്ന്‍ മലയാള ചലച്ചിത്രലോകത്ത് ശ്രദ്ധേയനായത്. ഗൗരി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് അനുഗ്രഹീതൻ ആന്റണി.