‘ജോസഫ്’ തമിഴിലേക്ക്; കേന്ദ്ര കഥാപാത്രമായി ആര് കെ സുരേഷ്
ജോജു ജോര്‍ജ് വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കിയ ‘ജോസഫ്’ എന്ന ചിത്രത്തിന് തമിഴ് പതിപ്പ് ഒരുങ്ങുന്നു. ചലച്ചിത്രലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ‘ജോസഫ്’. ഹാസ്യ നടനായും വില്ലനായും എത്തി മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ ജോജു ജോര്‍ജ് നായകനായി എത്തിയ ചിത്രത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്.
‘ജോസഫ്’ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ സംവിധാനം നിര്‍വഹിക്കുന്നതും എം പത്മകുമാര്‍ ആണ്. നിര്‍മാതാവും നടനുമായ ആര് കെ സുരേഷ് ആണ് തമിഴ് പതിപ്പില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുക. ചിത്രത്തിനു വേണ്ടിയുള്ള ആര് കെ സുരേഷിന്റെ മേക്ക്ഓവര്‍ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നുണ്ട്. തമിഴ് സംവിധായകന് ബാലയാണ് തമിഴില്‍ ചിത്രം നിര്‍മിക്കുന്നത്.
Read more: കഥകള്‍ ഏറെ പറയാനുണ്ട് ‘മേരി സിന്ദഗി’ ബാന്‍ഡിന്; ഇത് പെണ്‍ജീവിതങ്ങളുടെ ഉണര്‍ത്തുപാട്ട്
‘ജോസഫ്’ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രം ഒരു റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥനാണ്, പേര് ജോസഫ്. ഈ പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലെ ഇരുണ്ട തലങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. മനോഹരമായൊരു സസ്പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ് ‘ജോസഫ്’ എന്ന ചിത്രം. തീയേറ്ററുകളില്‍ നൂറിലധികം ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു ‘ജോസഫ്’.
ചിത്രത്തിലെ അഭിനയത്തിന് ജോജുവിന് ജനപ്രീയ നടനുള്ള കേരള സംസ്ഥാന പുരസ്കാരവും ലഭിച്ചു. ചിത്രത്തിലെ ഗാനങ്ങളും മികച്ച പ്രേക്ഷക സ്വീകാര്യത നേടി.