കഥകള്‍ ഏറെ പറയാനുണ്ട് ‘മേരി സിന്ദഗി’ ബാന്‍ഡിന്; ഇത് പെണ്‍ജീവിതങ്ങളുടെ ഉണര്‍ത്തുപാട്ട്

January 24, 2020

സ്ത്രീകള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ക്കെല്ലാം നീരസം തോന്നുന്ന വിളിപ്പേരുകള്‍ നല്‍കുന്നവരാണ് ഇക്കാലഘട്ടത്തില്‍ ഏറെയും. പെണ്ണെഴുത്തുകളെയും പെണ്‍പാട്ടുകളെയും പെണ്‍സിനിമകളെയുമെല്ലാം വിമര്‍ശന വിധേയമാക്കുന്നവരുമുണ്ട് നമുക്കു ചുറ്റും. വിമര്‍ശിക്കുന്നവരേ… നിങ്ങള്‍ അറിയണം മേരി സിന്ദഗി എന്ന മ്യൂസിക് ബാന്‍ഡിനെക്കുറിച്ച്.

സ്ത്രീകള്‍ മാത്രമുള്ള ഒരു ബാന്‍ഡാണ് മേരി സിന്ദഗി. സ്ത്രീകള്‍ എഴുതി, സ്ത്രീകള്‍ സംഗീതം നല്‍കി, സ്ത്രീകള്‍ അവതരിപ്പിക്കുന്ന പാട്ടുകള്‍. മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഇവരുടെ പാട്ടുകള്‍ക്ക്. സ്ത്രീകളുടെയും കുട്ടികളുടെയുമൊക്കെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ളതാണ് ഇവരുടെ പാട്ടുകളൊക്കെയും. ഉയര്‍ന്ന് പറക്കുവാന്‍ സ്ത്രീകളോട് ആഹ്വാനം ചെയ്യുന്ന മനോഹരമായ ഉണര്‍ത്തു പാട്ടുകള്‍.

സ്ത്രീകളുടെ നിത്യജീവിതവുമായി ഇഴപിരിയാത്ത വിധം കെട്ടു പിണഞ്ഞു കിടക്കുന്നതാണ് മേരി സിന്ദഗി ബാന്‍ഡിലെ ഓരോ പാട്ടുകളും. പെണ്‍ ജീവിതങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് വെല്ലുവിളിയാകുന്ന തടസങ്ങളെ അതിജീവിച്ച് ഫിനിക്‌സ് പക്ഷിയെ പോലെ ഉയര്‍ന്നു പറക്കുവാന്‍ സ്ത്രീകള്‍ക്ക് കരുത്തേകുന്നവയാണ് ഇവരുടെ പാട്ടുകള്‍. ഒപ്പം ഭ്രൂണഹത്യ, ശൈശവ വിവാഹം, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, ഗാര്‍ഹിക പീഡനം എന്നിവയും പലപ്പോഴും ഇവരുടെ പാട്ടുകള്‍ക്ക് വിഷയമാകാറുണ്ട്.

2010 ലാണ് മേരി സിന്ദഗി എന്ന ബാന്‍ഡിന്റെ തുടക്കം. പലപ്പോഴായി ബാന്‍ഡില്‍ പലരും ചേര്‍ക്കപ്പെടുകയും പിരിഞ്ഞു പോവുകയും ചെയ്തിട്ടുണ്ട് ആദ്യ കാലങ്ങളില്‍. എന്നാല്‍ പിന്നീട് മേരി സിന്ദഗി എന്ന ബാന്‍ഡ് ഒരു കുടുംബം പോലെയായി. ജയ തിവാരിയാണ് ബാന്‍ഡി ലീഡ് സിങര്‍. പാട്ടെഴുത്തുകാരി കൂടിയാണ് ജയ.

ഇതിനോടകംതന്നെ നൂറുകണക്കിന് ഷോകള്‍ മേരി സിന്ദഗി ബാന്‍ഡ് അവതരിപ്പിച്ചുകഴിഞ്ഞു. നൂറോളം പാട്ടുകള്‍ തയാറാക്കി. എന്തായാലും പെണ്‍ പോരാട്ടങ്ങളുടെ തികച്ചും വ്യത്യസ്തമായൊരു ഭാവം തന്നെയാണ് മേരി സിന്ദഗി എന്ന മ്യൂസിക് ബാന്‍ഡ്.

Posted by M Z / Meri Zindagi India's First Female Mission Band on Thursday, 28 March 2019