ബസിനകത്തൊരു മനോഹര പൂന്തോട്ടം ഒരുക്കിയ ഡ്രൈവര്‍

തലവാചകം വായിക്കുമ്പോള്‍ ഒരല്പം കൗതുകം തോന്നിയേക്കാം. പക്ഷേ സംഗതി സത്യമാണ്. ബസിനകത്തൊരു പൂന്തോട്ടം ഒരുക്കിയ ഡ്രൈവറുണ്ട്. എവിടെയാണെന്നല്ലേ…? മനോഹരമായ പൂന്തോട്ടങ്ങളാല്‍ അലംകൃതമായ, ഇന്ത്യയുടെ ഗാര്ഡന് സിറ്റി എന്ന് അറിയപ്പെടുന്ന ബംഗളുരുവില്‍.
നാരായണപ്പ എന്നാണ് ഈ ഡ്രൈവറുടെ പേര്. പ്രായം 59 വയസ്. താന്‍ ഓടിക്കുന്ന ബസിനകത്താണ് ഈ ഡ്രൈവര്‍ മനോഹരമായ ഒരു കൊച്ചു പൂന്തോട്ടം ഒരുക്കിയിരിക്കുന്നത്. ബസില്‍ കയറുന്ന ഓരോ യാത്രക്കാരെയും അത്ഭുതപ്പെടുത്തുകയാണ് ഈ മിനി ഗാര്ഡന്.

ബംഗളുരു മെട്രോപോളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ഡ്രൈവറാണ് നാരായണപ്പ. 27 വര്‍ഷങ്ങള്‍ പിന്നിട്ടു ഇദ്ദേഹം ബസില്‍ ഡ്രൈവര്‍ ജോലി തുടങ്ങിയിട്ട്. കാവല്‍ ബൈലസാന്ദ്രയ്ക്കും യെശ്വന്തപുര്‍ സിറ്റിയ്ക്കും ഇടയിലൂടെ സര്‍വീസ് നടത്തുന്ന ബി എം ടി സി ബസിനുള്ളിലാണ് തികച്ചും വ്യത്യസ്തമായ ചെറു പൂന്തോട്ടം നാരായണപ്പ ഒരുക്കിയിരിക്കുന്നത്.
കെ ആര് പുരം സ്വദേശിയാണ് ഇദ്ദേഹം. 2017 ലാണ് ബസിനുള്ളില്‍ മിനി ഗാര്ഡന് എന്ന വേറിട്ട ആശയം ഈ ഡ്രൈവറുടെ മനസ്സിലേക്കെത്തിയത്. തന്റെ ശമ്പളത്തില്‍ നിന്നും ചെറിയൊരു തുക മാറ്റിവെച്ച നാരായണപ്പ കുറച്ച് ചെടികള്‍ വാങ്ങി ബസിനുള്ളില്‍ വെച്ചു.

ചെടികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരുന്നു. നിലവില്‍ ബസിനകത്ത് മുമ്പിലും പിന്നിലുമായി പതിനാലിലധികം ചെടികളുണ്ട്. ചിലതില്‍ മനോഹരമായ പുഷ്പങ്ങളും. ദിവസവും രണ്ടു നേരം നാരായണപ്പ തന്റെ പ്രിയപ്പെട്ട ചെടികള്‍ക്ക് വെള്ളം ഒഴിക്കും. രാവിലെ ജോലിയില്‍ പ്രവേശിക്കുമ്പോഴും വൈകിട്ട് ജോലി കഴിയുന്ന സമയത്തുമാണ് ഈ പരിപാലനം.

ബസിലെത്തുന്ന യാത്രക്കാര്‍ക്ക് ചെടികള്‍ പരിപാലിക്കണം എന്ന ആഗ്രഹം ഉണ്ടെങ്കില്‍ വാട്ടര്‍ബോട്ടിലില്‍ നിന്നും വെള്ളമൊഴിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും ബസിനുള്ളിലെ മനോഹരമായ ഈ മിനി ഗാര്‍ഡന്റെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. താന്‍ ജോലിയില്‍ നിന്നും വിരമിച്ചാലും ബസിലെത്തുന്ന പുതിയ ഡ്രൈവര്‍ ഈ പൂന്തോട്ടം പരിപാലിക്കുമെന്ന പ്രതീക്ഷയിലാണ് നാരായണപ്പ.