‘ഭൂമിയിലെ മനോഹര സ്വകാര്യം’; പ്രണയചിത്രം ഒരുങ്ങുന്നു
ദീപക് പറമ്പൊലും പ്രയാഗ മാര്‍ട്ടിനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്നാണ് ചിത്രത്തിന്റെ പേര്. ഷൈജു അന്തിക്കാടിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. മലയാളികളുടെ പ്രിയതാരം നിവിന്‍ പോളിയാണ് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. ബയോസ്കോപ് ടാകീസിന്റെ ബാനറില്‍ രാജീവ്കുമാര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. കാലികപ്രസക്തിയുള്ള അസാധാരണമായ ഒരു പ്രണയകഥ പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്നത്.
എ ശാന്തകുമാര്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് സച്ചിന് ബാലുവാണ്. ലാല്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, അഭിഷേക് രവീന്ദ്രന്, അഞ്ജു അരവിന്ദ്, നിഷ സാരംഗ്, ഹരീഷ് പേരാടി, സന്തോഷ് കീഴാറ്റൂര്‍, മഞ്ജു തുടങ്ങിയ നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയാണ് ‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്ന ചിത്രത്തിന്റേത്.
Read more: ‘പെപ്പെ’യുടെ പഴയകാല ചിത്രം ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
അന്റോണിയോ മിഖായേല്‍ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. വി സാജന് ചിത്രസംയോജനം നിര്‍വഹിക്കുന്നു. വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ, അന്‍വര്‍ അലി, മനു മഞ്ജിത്, എ ശാന്തകുമാര്‍ എന്നിവരുടേതാണ് ഗാനങ്ങളുടെ വരികള്‍. 2020 ഫെബ്രുവരിയില്‍ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.