‘പ്രിയപ്പെട്ട ഗൗതം കൃഷ്ണ, നിനക്ക് ഡോക്ടറങ്കിളിന്റെ പ്രണാമം’; ഹൃദയംതൊട്ട് ഒരു കുറിപ്പ്
അർബുദം എന്ന രോഗത്തോട് നിശ്ചയദാർഢ്യത്തോടെ പോരാടുന്നവരുടെ കഥകൾ നാം കേൾക്കാറുണ്ട്. ഇപ്പോഴിതാ രണ്ടു മക്കൾക്കും കാൻസർ ബാധിച്ചിട്ടും തോൽക്കാതെ പോരാടിയെ മാതാപിതാക്കളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കുട്ടികളെ ചികിത്സിച്ച ഡോക്ടർ ബോബൻ തോമസിന്റെ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
പ്രിയപ്പെട്ട ഗൗതം കൃഷ്ണ,
നിനക്ക് ഡോക്ടർ അങ്കിളിന്റെ പ്രണാമം.
ഗൗതം കൃഷ്ണ എന്ന പത്ത് വയസ്സുകാരനെ ഞാൻ പരിചയപ്പെടുന്നത് അവന്റെ നാല് വയസ്സുള്ള കുഞ്ഞനുജനിലൂടെയാണ്.
‘നിരഞ്ജൻ കൃഷ്ണ’. തിരുവനന്തപുരം കിംസ് ആശുപത്രിയിലെ പീഡിയാട്രിക് ഐ.സി.യു വിൽ വെച്ചാണ് നിരഞ്ജനെ ഞാൻ ആദ്യമായി കാണുന്നത്. അന്ന് അവൻ വെൻറിലേറ്ററിന്റെ സഹായത്തോടുകൂടി ജീവിച്ചു കൊണ്ടിരുന്ന ഒരു കുഞ്ഞു പയ്യനാണ്. കൊല്ലത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ നിന്ന് വളരെ അഡ്വാൻസ്ഡ് ആയ ഒരു കാൻസറാണെന്ന് ഡയഗണോസ് ചെയ്യുകയും അതിന്റെ ഫലമായിട്ടുള്ള ഇൻഫെക്ഷൻ മൂലം അവനെ തിരുവനന്തപുരത്തേക്ക് റഫർ ചെയ്യുകയുമായിരുന്നു.
തുടർന്നുള്ള ഡയഗണോസിസിലൂടെ അവന് ബ്ലഡ് കാൻസർ ആണെന്ന് മനസ്സിലാക്കാൻ സാധിച്ചു. ബ്ലഡ് കാൻസർ ഉള്ള കുട്ടിയെ വെൻറിലേറ്റർ സഹായത്തോടെ ഐ.സി.യു വിൽ വെച്ച് ചികിത്സിക്കണോ വേണ്ടയോ എന്നുള്ളതായിരുന്നു ഞാൻ നേരിട്ട ആദ്യത്തെ ചോദ്യം. ഇതിന് ഒരു മാസം മുൻപ് ഐ.സി.യു വിൽ ഉള്ള മറ്റൊരു കുട്ടിയെ വെൻറിലേറ്ററിന്റെ സഹായത്തോടെ ചികിത്സിച്ചു പുറത്ത് എത്തിച്ച ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതൽ.
ഞാനും എന്റെ സഹപ്രവർത്തകനായിരുന്ന ഡോക്ടർ ചെറിയാനും കൂടി ചികിത്സയ്ക്കണോ വേണ്ടയോ എന്ന് ആലോചിച്ചു. അന്ന് ഞങ്ങൾക്ക് മുന്നോട്ടു പോകുവാനുള്ള ആത്മവിശ്വാസം നൽകിയത് നിരഞ്ജന്റെ അച്ഛനായിരുന്നു. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി തികച്ചും ആത്മവിശ്വാസത്തോടുകൂടിയാണ് നിരഞ്ജന്റെ അച്ഛനും അമ്മയും ഞങ്ങളോട് സംസാരിച്ചത്. ആ ആത്മവിശ്വാസത്തിന്റെ പിറകിൽ എന്താണെന്ന് അന്ന് ഞങ്ങൾക്ക് മനസ്സിലായില്ല. സാധാരണ കുട്ടികളിൽ കാൻസർ ഡയഗണോസ് ചെയ്യുമ്പോൾ തകർന്നുപോകുന്ന അച്ഛനമ്മമാരെപ്പോലെയായിരുന്നില്ല നിരഞ്ജന്റെ അച്ഛനുമമ്മയും. തുടർന്ന് ചെറിയ തോതിലുള്ള കീമോതെറാപ്പി കൊടുക്കുവാൻ തീരുമാനിക്കുകയും മുന്നോട്ടു പോവുകയും ചെയ്തു. ഐ.സി.യു വിൽ വെച്ച് ആദ്യമായി കീമോ കൊടുക്കുവാൻ പോയ എന്റെ സഹപ്രവർത്തകനായ അച്ചു ബ്രദർ എന്നോട് ചോദിച്ച ചോദ്യം ഞാനിന്നുമോർക്കുന്നു.
‘ സർ നിരഞ്ജന് കീമോ കൊടുക്കണോ’?
‘അവന്റെ കണ്ടീഷൻ വളരെ മോശമാണ്’
ഞാൻ പറഞ്ഞു
‘നമുക്ക് ഒരു ചാൻസ് ഉണ്ടല്ലോ’.
‘ആ ചാൻസ് നമുക്കൊന്ന് എടുത്തു നോക്കാം’
‘നമ്മൾ ചികിത്സിച്ചില്ലെങ്കിൽ എന്തായാലും ആ കുട്ടി മരിച്ചു പോകും’
‘ഒരു ചെറിയ ശതമാനം രക്ഷപ്പെടാനുള്ള സാധ്യതയുണ്ടെങ്കിൽ നമുക്ക് പരിശ്രമിക്കാം’. തുടർന്ന് ആൻറിബയോട്ടിക്കുകളുടെയും മറ്റ് ജീവൻ നിലനിർത്തുവാനുള്ള മരുന്നുകളുടെയും സഹായത്തോടെ ഞങ്ങൾ കീമോതെറാപ്പി ആരംഭിച്ചു. ഒരുപക്ഷേ ലോകത്ത് തന്നെ വളരെ അപൂർവ്വമായി ആയിരിക്കും ഇതുപോലെ ഐ.സി.യു വിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ കീമോതെറാപ്പി തുടങ്ങുന്നത്.
ദൈവഭാഗ്യമെന്നു പറയട്ടെ ഞങ്ങൾ വിചാരിച്ചതിലും നല്ല ഇംപ്രൂവ്മെൻറ് കുട്ടിക്ക് കാണുവാൻ സാധിച്ചു. ഫലമായി കീമോതെറാപ്പി തുടരുകയും കുട്ടിയെ വെന്റിലേറ്ററിൽ നിന്നും പുറത്തെത്തിക്കുവാനും ബാക്കി ചികിത്സകൾ നടത്തുവാനും സാധിച്ചു. പിന്നീട് റൂമിലേക്ക് ഷിഫ്റ്റ് ചെയ്തതിനു ശേഷമാണ് അവന്റെ അച്ഛൻ എന്നോട് പറയുന്നത് അവൻറെ മൂത്ത സഹോദരൻ ഗൗതം കൃഷ്ണക്ക് ബ്രെയിനിൽ കാൻസർ ഉണ്ടായിരുന്നു എന്ന കാര്യം. അപ്പോഴാണ് ആ കുടുംബത്തിന് ഇത്ര ആത്മവിശ്വാസം ഉണ്ടായതിനെ കുറിച്ച് ഞാൻ മനസ്സിലാക്കുന്നത്.
ഗൗതം കൃഷ്ണയ്ക്ക് തിരുവനന്തപുരം ആർ.സി.സി യിലും തുടർന്ന് ശ്രീചിത്രയിലും ആയിരുന്നു ചികിത്സ. പിന്നീട് നിരഞ്ജൻ കൃഷ്ണയുടെ ആരോഗ്യത്തിൽ നല്ല പുരോഗതി ഉണ്ടാവുകയും അവൻ സ്കൂളിൽ പോകാൻ തുടങ്ങുകയും ചെയ്തു. തുടർന്ന് ഗൗതത്തിന്റെ ഫോളോ അപ്പും അവരെന്റെ അടുത്തേക്ക് മാറ്റുകയും, രണ്ടുപേരും ഒരുമിച്ച് ഒ.പി യിൽ വന്ന് ചെക്കപ്പ് മുതലായ കാര്യങ്ങൾ നടത്തുകയും ചെയ്തു. ഈ സഹോദരന്മാരിൽ ഒരാൾക്ക് ബ്രയിൻ ട്യൂമറും രണ്ടാമത്തെയാൾക്ക് ബ്ലഡ് ക്യാൻസറും ആയിരുന്നല്ലൊ.
ഒരു ക്ലിനിഷ്യൻ എന്ന നിലയിൽ ഇത് എങ്ങനെ സംഭവിച്ചു എന്ന് അറിയാനുള്ള ആകാംക്ഷ എന്നിൽ നിറയുകയും തുടർന്ന് കുട്ടികളുടെ രക്ത സാമ്പിൾ എടുത്ത് പരിശോധന നടത്തുകയും അതിൽ നിന്ന് PMS-2 എന്ന ജീനിന്റെ മ്യൂട്ടേഷൻ ഇന്ത്യയിൽ ആദ്യമായി ഞങ്ങൾക്ക് ഐഡന്റിഫൈ ചെയ്യുവാനും സാധിച്ചു. ഈ കുട്ടികളുടെ രണ്ടു പേരുടെ പേരന്റ്സും ഈ ജീനിന്റെ കാരിയർ ആയിരുന്നു എന്ന് പിന്നീട് നടന്ന പരീക്ഷണത്തിൽ ഞങ്ങൾക്കു മനസ്സിലായി. ഈ ടെസ്റ്റിന് ഞങ്ങളെ സഹായിച്ചത് ബാംഗ്ലൂരുള്ള Medgenome എന്ന ലാബായിരുന്നു. തികച്ചും സൗജന്യമായിട്ടായിരുന്നു ഈ ടെസ്റ്റുകളെല്ലാം അവർ നടത്തിയിരുന്നത്. സയൻസിനു വേണ്ടി അവർ നൽകിയ ആ സൗജന്യത്തെ ചാരിതാർത്ഥ്യത്തോടെ ഞാനിന്ന് ഓർക്കുകയാണ്.
ഇതിൽനിന്ന് ഞങ്ങൾക്ക് ലഭിച്ച സയൻറിഫിക് പേപ്പറിന്റെ അടിസ്ഥാനത്തിൽ ജപ്പാനിൽ 2018ൽ നടന്ന SIOP എന്ന കുട്ടികളുടെ കാൻസറിന്റെ അന്താരാഷ്ട്ര സെമിനാറിൽ പ്രബന്ധം അവതരിപ്പിക്കുവാൻ ഞങ്ങൾക്ക് സാധിച്ചു. നിർഭാഗ്യവശാൽ ഇതിനു ശേഷം ഗൗതം കൃഷ്ണയുടെ ആരോഗ്യസ്ഥിതിയിൽ ചെറിയ മാറ്റങ്ങൾ വരികയും സ്കാൻ ചെയ്തതിൽ കണ്ട്രോളിൽ ആയി എന്ന് ഞങ്ങൾ കരുതിയ ബ്രെയിൻ ട്യൂമർ വീണ്ടും വളരുവാൻ ആരംഭിക്കുകയും ചെയ്തു എന്നത് വേദനയോടു കൂടി മനസ്സിലാക്കി. ഈ കാര്യം ഞങ്ങൾ അവന്റെ പേരന്റ്സിനോട് പറഞ്ഞപ്പോൾ വളരെ ബോൾഡ് ആയും ആത്മവിശ്വാസത്തോടും കൂടി ആണ് അവർ അതിനെ സമീപിച്ചത്. അതിനുശേഷം സെക്കൻഡ് ലൈൻ കീമോതെറാപ്പി ഞങ്ങൾ ആരംഭിക്കുകയും ചെയ്തു. ഒരേ കട്ടിലിൽ അച്ഛനുമമ്മയ്ക്കും അഭിമുഖമായി ചേട്ടനും അനുജനും തിരിഞ്ഞുകിടന്ന് കീമോ എടുക്കുന്ന വളരെ വേദനാജനകവും നിർഭാഗ്യകരവുമായ ഒരു കാഴ്ച കാണാനുള്ള ദുർവിധി ഉണ്ടായ ലോകത്തിലെ ഏക ഡോക്ടർ ഞാനായിരിക്കും എന്ന് തോന്നുന്നു.
ആ ചികിത്സയ്ക്ക് ശേഷവും ഗൗതം കൃഷ്ണയിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. അവന്റെ അസുഖം വീണ്ടും പ്രോഗ്രസ്സ് ചെയ്യുകയും പിന്നീട് മറ്റൊരു ട്രീറ്റ്മെൻറ് ഓപ്ഷൻ ഇല്ലാതെ എന്ത് ചെയ്യണം എന്ന അവസ്ഥയിൽ ഇരുന്നു. ഡോക്ടറിൽ പൂർണ്ണമായ വിശ്വാസം അർപ്പിക്കുകയും ഡോക്ടർ കൊടുക്കുന്ന ഏത് ചികിത്സയോടും പൂർണമായ സമ്മതത്തോടുകൂടി സ്വീകരിച്ചിരുന്ന ഒരു കുടുംബമായിരുന്നു അവരുടേത്. പിന്നീടാണ് ഞാൻ ഒരു ഓഫ് പ്രോട്ടോകോൾ ആയിട്ടുള്ള PSMA therapy എന്ന് പേരുള്ള ഒരു പരീക്ഷണ തെറാപ്പി നടത്തുന്നത്. ജർമ്മനിയിലും മറ്റും നടന്നിട്ടുള്ള ചില സ്റ്റഡീസിൽ നല്ല രീതിയിലുള്ള ഒരു റെസ്പോൺസ് കിട്ടിയിട്ടുള്ള ഒരു തെറാപ്പി ആയിരുന്നു അത്. അതിനുള്ള ചിലവ് വളരെ കൂടുതലായിരുന്നു . ഏകദേശം അഞ്ച് ലക്ഷം രൂപ ചിലവ് വരുന്ന, ജർമനിയിൽനിന്ന് ഇംപോർട്ട് ചെയ്യേണ്ട, ഫലിക്കുമോ എന്ന് പൂർണ്ണമായും ഉറപ്പില്ലാത്ത ചികിത്സ. ഇത്രയധികം ഭാരിച്ച ചിലവ് ആ കുടുംബത്തിന് താങ്ങുമോ എന്നുള്ള ആശങ്കയും ഉണ്ടായിരുന്നു.
ആത്മവിശ്വാസത്തോടെ ചികിത്സയുമായി മുന്നോട്ടു പോകുവാനുള്ള പൂർണസ്വാതന്ത്ര്യം വീട്ടുകാർ തന്നെങ്കിലും എനിക്ക് വലിയ കോൺഫിഡൻസ് ഇല്ലായിരുന്നു. ആ സമയത്ത് എന്നെ സഹായിച്ചത് കോട്ടയത്ത് കളത്തിപ്പടിയിലുള്ള എന്റെ സ്കൂളായ ‘Girideepam Bethany English High School’ ലെ 93 ബാച്ചിന്റെ കൂട്ടായ്മയായ ‘GODS-93’ യാണ്. നാല് ദിവസം പോലും തികയുന്നതിനു മുൻപ് അഞ്ചു ലക്ഷത്തിൽപരം രൂപ അക്കൗണ്ടിലേക്ക് അവർ സമാഹരിക്കുകയും അതിന്റെ ഫലമായി നമുക്ക് നല്ല രീതിയിലുള്ള ചികിത്സ കൊടുക്കാൻ സാധിക്കുകയും ചെയ്തു.
പക്ഷേ ഈ കാലയളവിൽ ഗൗതമിന്റെ അസുഖം വളരെയധികം പ്രോഗ്രസ് ചെയ്തു. ട്രീറ്റ്മെന്റിന് ശേഷം ഒന്ന് രണ്ട് മാസത്തേക്ക് കുഴപ്പം ഒന്നും ഇല്ലായിരുന്നു. അതിനുശേഷം നിർഭാഗ്യവശാൽ അസുഖം തിരിച്ചുവരികയാണുണ്ടായത്. നിരഞ്ജന്റെ അസുഖം പൂർണമായും ഭേദപ്പെട്ടപ്പോഴും ഗൗതം കൃഷ്ണയുടെ അസുഖം പ്രോഗ്രസ് ചെയ്യുകയാണുണ്ടായത്. പിന്നീട് ആധുനിക മെഡിക്കൽ രംഗത്ത് മറ്റ് ചികിത്സാവിധികൾ അവലംബിക്കാൻ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഒരു മാസത്തോളം ഗൗതമിനെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റേണ്ടിവന്നു. ആ സമയത്ത് അവൻ ഏറ്റവും ഇഷ്ടപ്പെട്ട പലഹാരങ്ങളായ മുട്ട പഫ്സും, ഉള്ളി വടയും വാങ്ങിക്കുവാൻ എത് പാതിരായ്ക്കും പോയ് വരുന്ന സ്നേഹനിധിയായ ഒരച്ഛനെയും ഞാൻ കണ്ടു. പിന്നീട് കൊല്ലത്തുള്ള പാലിയേറ്റീവ് കെയറിലേക്ക് റഫർ ചെയ്യുകയും ഏകദേശം ഒന്നര മാസത്തിനു ശേഷം ഗൗതം കൃഷ്ണ ഞങ്ങളോട് വിട പറയുകയും ചെയ്തു.
ഈ അവസരത്തിൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് വളരെ ആത്മവിശ്വാസത്തോടെ ഈ രോഗത്തെ നേരിട്ട അവരുടെ പേരന്റ്സിനെയാണ്. ഒരിക്കൽ പോലും ഇവർ രണ്ടുപേരും എന്റെ മുൻപിൽ നിന്ന് കരഞ്ഞിട്ടില്ല. പൂർണമായും ഡോക്ടറിലും, ദൈവത്തിലും മനസ്സ് സമർപ്പിച്ച് കൊണ്ടായിരുന്നു അവർ മുന്നോട്ടു പോയത്. സയൻസിന്റെ പ്രാധാന്യം ഈ സമയത്ത് എടുത്തുപറയേണ്ടതുണ്ട്. ‘എന്തുകൊണ്ട് ഇത്തരത്തിലുള്ള കുട്ടികളിൽ കാൻസർ ഉണ്ടാകുന്നു ?’
‘ഇത് എങ്ങനെ കണ്ടുപിടിക്കാം ?’
‘ഏതുതരത്തിൽ ചികിത്സിക്കാം ?’
ഇതിനുള്ള ജനറ്റിക് സ്റ്റഡീസും മോളിക്യുലാർ സ്റ്റഡീസും നമ്മുടെ നാട്ടിൽ നടക്കേണ്ട ആവശ്യകതയും ഇത് ചൂണ്ടികാണിക്കുന്നു. അതുപോലെതന്നെയാണ് സുഹൃത്തുക്കളുടെ കൂട്ടായ്മകൾ. നമ്മൾ വിചാരിക്കുന്നതിലും വേഗത്തിൽ ഫിലാണ്ട്രോപ്പിക് ആക്റ്റിവിറ്റി നടത്തുവാനും അതിന് സഹായിക്കുവാനും കഴിയുന്ന നല്ലൊരു സുഹൃത്ത് ബന്ധം ഉണ്ടെങ്കിൽ നമുക്ക് എന്തും ചെയ്യുവാൻ സാധിക്കും എന്നതാണ് ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. വളരെ സ്നേഹത്തോടെ ജീവിച്ചിരുന്ന രണ്ട് കുട്ടികൾ. അതിലൊരാളെ എനിക്കിന്ന് നഷ്ടമായിരിക്കുന്നു. പക്ഷേ അവരിൽ നിന്നും ലഭിച്ചിട്ടുള്ള ഗുണപാഠം മറ്റുള്ളവരിലേക്ക് പകർന്നു തരുവാനുള്ള ആത്മവിശ്വാസം എനിക്കിന്ന് ലഭ്യമായിരിക്കുന്നു .
ഗൗതം കൃഷ്ണ..
നിനക്ക് ഡോക്ടറങ്കിളിന്റെ പ്രണാമം. ഡോക്ടർ ഫേസ്ബുക്കിൽ കുറിച്ചു.