ഫഹദ് ഫാസിൽ ചിത്രം ‘മാലിക്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് മമ്മൂട്ടിയും മോഹൻലാലും

January 18, 2020

ഫഹദ് ഫാസിൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാലിക്. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘ടേക്ക് ഓഫ്’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ മഹേഷ് നാരായണന്‍ ഒരുക്കുന്ന ചിത്രമാണ് ‘മാലിക്’. ഇപ്പോൾ ‘മാലികി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. നടൻ മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് ഫേസ്ബുക്ക് പേജിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചത്.

‘മാലികി’നായി ഫഹദ് ഫാസിൽ നടത്തിയ മെയ്‌ക്കോവർ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. വല്ലാതെ മെലിഞ്ഞ ലുക്കിലാണ് ഫഹദ് എത്തുന്നത്. 25 കോടി മുതൽമുടക്കിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ വലിയ താരനിരതന്നെ അണിനിരക്കുന്നുണ്ട്. ബിജു മേനോൻ, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, ആപ്പാനി ശരത്, നിമിഷ സജയൻ എന്നിവരും ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.

Read More:ഞെട്ടിക്കുന്ന ലുക്കിൽ ഫഹദ്; വൈറലായി മാലിക്ക് ലൊക്കേഷൻ ചിത്രങ്ങൾ

അതേസമയം, ഫഹദ് ഫാസിൽ നായകനാകുന്ന ‘ട്രാൻസ്’ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ഫെബ്രുവരി പതിനാലിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. വിവാഹ ശേഷം ഫഹദ് ഫാസിലും നസ്രിയയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ട്രാൻസ്’.