സ്വന്തം പേരില്‍ ലാപ്ടോപ്പുമായി ഫ്ളിപ്കാര്‍ട്ട്; വില്‍പനാനന്തര സേവനങ്ങള്‍ വീട്ടുപടിക്കല്‍

January 13, 2020

പ്രമുഖ ഓണ്‍ലൈന്‍ വില്‍പന കമ്പനിയായ ഫ്ളിപ്കാര്‍ട്ട് സ്വന്തം പേരില്‍ ലാപ്‌ടോപ്പ് പുറത്തിറക്കി. ഫോള്‍ക്കണ്‍ എയര്‍ബുക്ക് എന്നാണ് ഈ ലാപ്‌ടോപ്പിന്റെ പേര്. മാര്‍ക്ക്(MarQ) ബ്രാന്‍ഡിലാണ് ലാപ്‌ടോപ് പുറത്തിറക്കിയിരിക്കുന്നത്. ഇന്റലിന്റെ എട്ടാം ജനറേഷനിലുള്ള ഐ5 പ്രൊസസറാണ് ലാപ്‌ടോപ്പിലേത്. കാഴ്ചയില്‍ മെലിഞ്ഞിരിക്കുന്ന ലാപ്‌ടോപ്പിന് ഭാരവും വളരെ കുറവാണ്.

16.5 മില്ലീമീറ്റര്‍ കനവും 1.26 കിലോഗ്രാം ഭാരവുമാണ് ഫോള്‍ക്കണ്‍ എയര്‍ബുക്ക് എന്ന ലാപ്‌ടോപ്പിന്. 13.3 ഇഞ്ച് ഡ്‌സ്‌പ്ലേ, ഫുള്‍ എച്ച്ഡി റെസലൂഷന്‍, ഫുള്‍സൈസ് കീബോര്‍ഡ്, കൃത്യയുള്ള ടച്ച്പാഡ്, 8 ജിബി റാം, 256 ജിബി എസ്എസ്ഡി, അഞ്ച് മണിക്കൂര്‍ വരെ ബാറ്ററി ലൈഫ് എന്നിവയെല്ലാമാണ് ലാപ്‌ടോപ്പിന്റെ പ്രധാന ആകര്‍ഷണങ്ങളായി ഫ്ളിപ്കാര്‍ട്ട് അവകാശപ്പെടുന്നത്.

Read more: കുസൃതിച്ചിരിയുമായി മഞ്ജു വാര്യര്‍ ഒപ്പം ധനുഷും രണ്‍വീറും; ഹൃദ്യം ഈ വീഡിയോ

ഓണ്‍ലൈനായി വാങ്ങാന്‍ സാധിക്കുന്ന ലാപ്‌ടോപ്പിന്റെ വാറന്റിയും മറ്റ് വില്‍പനാനന്തര സേവനങ്ങളും ഉടമയുടെ വീട്ടിലെത്തിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. 10,000- ത്തിലേറെ പിന്‍കോഡുകളില്‍ ഈ സേവനം ലഭ്യമാക്കുമെന്നും കൂടാതെ വിദഗ്ധരായ ടെക്‌നീഷ്യന്‍മാരുടെ സേവനം ഉറപ്പാക്കുമെന്നും ഫ്ളിപ്കാര്‍ട്ട് അവകാശപ്പെടുന്നു.

രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ ബന്ധപ്പെടാന്‍ സാധിക്കുന്ന പ്രത്യേക ഫോണ്‍കോള്‍ സേവനവും ലാപ്‌ടോപ്പിനു വേണ്ടി ഫ്ളിപ്കാര്‍ട്ട് ലഭ്യമാക്കുമെന്നും വ്യക്തമാക്കുന്നു. കാലതാമസം കൂടാതെ ഫോള്‍ക്കണ്‍ എയര്‍ബുക്ക് ഫ്ളിപ്കാര്‍ട്ടില്‍ വില്‍പന ആരംഭിക്കും. 39,990 രൂപയായിരിക്കും ലാപ്‌ടോപ്പിന്റെ വില.